stage

തിരുവനന്തപുരം: കലോത്സവങ്ങൾ മതനിരപേക്ഷതയുടെ പാഠങ്ങളാണ് പകരുന്നതെന്നും മതത്തിന്റെയും ജാതിയുടെയും പേരിൽ കലോത്സവങ്ങളെ അടിച്ചമർത്തരുതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 60-ാമത് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം ചാല മോഡൽ ബോയ്‌സ് എച്ച്.എസ്.എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം മതത്തിന്റെ പേരിൽ കലാരൂപങ്ങളെ വേർതിരിച്ച് കാണുമ്പോൾ മതനിരപേക്ഷതയുടെ കൂട്ടായ്‌മയായി കലോത്സവങ്ങൾ മാറുകയാണ്. കഥകളിയിൽ അർജ്ജുനവേഷത്തിൽ നൗഫലിനെയും മാർഗംകളിയിൽ ശ്രീദേവിയും ഒപ്പനയിൽ മീനാക്ഷിയെയും കാണാം. കലോത്സവം സർഗാത്മപ്രതിരോധങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഇടമാണെന്നും അദ്ദേഹം പറഞ്ഞു.
മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. ഒ. രാജഗോപാൽ എം.എൽ.എ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി. സുദർശനൻ, കൗൺസിലർ എം. ലക്ഷ്മി, ആർ.ഡി.ഡി ഇ.എസ്. നാരായണി, സ്വാഗതസംഘം ജനറൽ കൺവീനർ സി. മനോജ്കുമാർ, എം. ലീന, എം. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.