തിരുവനന്തപുരം: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിവസം തന്നെ ഫലപ്രഖ്യാപനത്തിനെതിരെ പരാതിയുമായി മത്സരാർത്ഥികൾ. ഹൈസ്‌കൂൾ വിഭാഗം മലയാളം പ്രസംഗത്തിലെ വിധിപ്രഖ്യാപനത്തിനെതിരെയായിരുന്നു പരാതി. 13 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. എന്നാൽ ഒരാൾക്ക് മാത്രമാണ് എ ഗ്രേഡ് കിട്ടിയത്. ബാക്കിയുള്ളവർക്ക് ബി, സി, ഡി ഗ്രേഡുകളാണ് ലഭിച്ചത്. ഇത് അപ്പീൽ പോകാതിരിക്കാൻ മനഃപൂർവം ചെയ്യുന്നതാണെന്നായിരുന്നു കുട്ടികളുടെ പരാതി. 'നവമാദ്ധ്യമങ്ങളും വിദ്യാർത്ഥികളും' എന്നതായിരുന്നു പ്രസംഗത്തിന് നൽകിയ വിഷയം. പ്രോഗ്രാം കമ്മിറ്റിക്കും ഡി.ഡിക്കും പരാതി നൽകുമെന്ന് മത്സരാർത്ഥികൾ പറഞ്ഞു.