കടയ്ക്കാവൂർ: വാഹന പരിശോധനയ്ക്കിടെ അഞ്ചുതെങ്ങിൽ പൊലീസും മത്സ്യത്തൊഴിലാളികളും തമ്മിൽ കൈയാങ്കളി. പരിക്കേറ്റ എസ്.ഐ പ്രൈജുവും ഗ്രേഡ് എസ്.ഐ നസീറുദ്ദീനും മത്സ്യത്തൊഴിലാളികളും ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ ദിവസം രാത്രി മീരാൻകടവ് പാലത്തിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരോട് വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെടുകയും ഇവർ രേഖകൾ നൽകാൻ വിസമ്മതിക്കുകയുമായിരുന്നു. രേഖകൾ ഇല്ലാത്തതിനാൽ വാഹനം വിട്ടുനൽകാനാവില്ലെന്ന് പറഞ്ഞ എസ്.ഐയുമായി ഇവർ വാക്കുതർക്കത്തിലായി. തുടർന്ന് ബലമായി വാഹനം കൊണ്ടുപോകാൻ ശ്രമിച്ചത് തടഞ്ഞ പൊലീസുകാരെ യുവാക്കൾ മർദ്ദിച്ചെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് മത്സ്യത്തൊഴിലാളികളെ അകാരണമായി മർദ്ദിക്കുകയായിരുന്നെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ അരോപിച്ചു. തോളെല്ലിനും തലയ്ക്കും പരിക്കേറ്റ എസ്.ഐയും മുതുകിന് പരിക്കേറ്റ ഗ്രേഡ് എസ്.ഐയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.