crime

​​​​തിരുവനന്തപുരം: അതിര് തർക്കത്തെ തുടർന്ന് തിരുവനന്തപുരത്തെ പൂജപ്പുരയിൽ അയൽവാസിയെ ഡിവൈ.എസ്.പി കമ്പിപ്പാരയ്ക്കടിച്ചു. പരിക്കേറ്റ അയൽവാസിയായ ബിസിനസുകാരൻ ബൈജുവും പ്രത്യാക്രമണത്തിൽ പരിക്കേറ്റ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നന്ദനൻപിള്ളയും ആശുപത്രികളിൽ ചികിത്സ തേടി.

പൂജപ്പുര മുടവൻമുകൾ കൊങ്കളത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം. ഡിവൈ.എസ്.പിയുടെ വീടിന് സമീപത്ത് കൂടിയാണ് ബൈജുവിന്റേതുൾപ്പെടെയുള്ള അയൽവീടുകളിലേക്കുള്ള വഴി കടന്നുപോകുന്നത്. ഡിവൈ.എസ്.പിയുടെ വസ്തുവിന്റെയും വഴിയുടെയും അതിർത്തികൾ സംബന്ധിച്ച് ഏറെ നാളായി തർക്കം നിലനിൽക്കുന്നുണ്ട്. മഴയിൽ വെള്ളം കുത്തിയൊലിച്ച് വഴിയുടെ വശങ്ങൾ ഇടിഞ്ഞുപോയിരുന്നു. ഇത് തടയാനായി അയൽവാസികൾ ഡിവൈ.എസ്.പിയുടെ വസ്തുവുമായി അതിർത്തി പങ്കിടുന്ന ഭാഗത്ത് കരിങ്കല്ലുകൊണ്ട് സൈഡ് വാൾ കെട്ടി. കുറച്ച് ദിവസം മുമ്പ് ഡിവൈ.എസ്.പി സൈഡ് വാൾ കുത്തിപ്പൊളിച്ചു എന്നാണ് പരാതി. ഇക്കാര്യം അയൽവാസികൾ പൊലീസിനെയും വാർഡ് കൗൺസിലറെയും അറിയിച്ചിരുന്നു.

പൊലീസും കൗൺസിലറും മദ്ധ്യസ്ഥ ശ്രമങ്ങൾ നടത്തിയെങ്കിലും സൈഡ് വാൾ കെട്ടാൻ അനുവദിക്കില്ലെന്ന് ഡിവൈ.എസ്.പി നിലപാടെടുത്തുവത്രേ. തിങ്കളാഴ്ച ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വീണ്ടും വഴക്കുണ്ടായി. വഴക്കിനിടയിലാണ് ഇരുകൂട്ടരും തമ്മിൽ അടിപിടിയുണ്ടായത്. തന്നെ കമ്പിപ്പാരയ്ക്ക് അടിച്ചതായാണ് ബൈജു പൊലീസിന് പരാതി നൽകിയിരിക്കുന്നത്. ബൈജുവും കൂട്ടാളികളും തന്നെ അക്രമിച്ചതായി ഡിവൈ.എസ്.പിയും പരാതി നൽകിയിട്ടുണ്ട്. ഇരുവരുടെയും പരാതിയിൽ കേസെടുത്തതായി പൂജപ്പുര പൊലീസ് അറിയിച്ചു.