bird

30 വർഷങ്ങൾക്ക് മുമ്പ്, 1987ൽ ന്യൂസിലാൻഡിലെ ഓവൻ പർവതനിരകളിൽ ഗവേഷകർക്ക് ഇരുണ്ട ഗുഹയിൽ നിന്നും അതിശയിപ്പിക്കുന്ന ഒരു വസ്‌തു ലഭിച്ചു. ഭീമൻ ദിനോസറിന്റേതു പോലെ കൂർത്ത നഖങ്ങളോടുകൂടിയ ഒരു പാദമായിരുന്നു അത്. അതിന് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലായിരുന്നു. രോമങ്ങളും മാംസവും അതുപോലെ തന്നെയുണ്ട്. ഇപ്പോൾ മരിച്ച ഏതോ ഒരു ജീവിയുടേതുപോലെ അത് തോന്നിപ്പിച്ചു. എന്നാൽ, അത് പരിശോധനയ്‌ക്ക് വിധേയമാക്കിയ ഗവേഷകർ ഞെട്ടി. 3,300 വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് ജീവിച്ചിരുന്ന 'അപ്‌ലാൻ‌ഡ് മോവ ' എന്ന ഭീമൻ പക്ഷിയുടേതായിരുന്നു ആ കാൽപാദം.

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ന്യൂസിലാൻഡിലെ പർവത പ്രദേശങ്ങൾ ഈ ഭീമൻ പക്ഷികളുടെ വിഹാര കേന്ദ്രമായിരുന്നു. പറക്കാൻ കഴിവില്ലാത്ത മോവകൾക്ക് ഏകദേശം സി.ഇ 1500 ഓടെയാണ് വംശനാശം സംഭവിച്ചത്. 18.5 ദശലക്ഷം വർഷങ്ങൾക്കു മുമ്പും മോവകൾ ഭൂമുഖത്ത് ഉണ്ടായിരുന്നുവെന്ന് കരുതുന്നു. പന്ത്രണ്ട് അടി വരെ ഉയരമുള്ള പത്ത് വ്യത്യസ്‌ത തരം മോവകൾ ജീവിച്ചിരുന്നതായാണ് കണ്ടെത്തൽ.

ഏറ്റവും ചെറിയ മോവ സ്‌പീഷിസുകളിൽ ഒന്നാണ് 'അപ്‌ലാന്റ് മോവകൾ'. വംശനാശത്തിന്റെ പിടിയിൽ അമർന്ന ഏറ്റവും അവസാനത്തെ മോവ സ്‌പീഷീസായ ഇവയ്ക്ക് ഒരു മീറ്ററോളം ഉയരവും 17 മുതൽ 34 കിലോ വരെ ഭാരവുണ്ടായിരുന്നു. മോവകൾ സസ്യഭുക്കുകളായിരുന്നു. 'ജയന്റ് മോവ' എന്നയിനം ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പക്ഷിയായിരുന്നേനെ. 3.7 മീറ്റർ വരെ ഉയരം ജയന്റ് മോവകൾക്ക് ഉണ്ടായിരുന്നു. മോവ പക്ഷികൾക്ക് വാലോ ചിറകുകളോ ഇല്ല. മറ്റു പക്ഷികളുടേതുപോലെ തൂവലുകൾ ഉണ്ട്. ഗുഹകൾ, പർവത മേഖലകൾ, മണൽത്തിട്ടകൾ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മോവകളുടെ ആയിരക്കണക്കിന് അസ്ഥികൾ ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്. ചില ഫോസിലുകൾ യാതൊരു കേടുപാടും കൂടാതെയാണ് ലഭിച്ചത്.
സമുദ്രനിരപ്പിൽ നിന്നും 7000 അടി ഉയരത്തിൽവരെ മോവകൾ ജീവിച്ചിരുന്നു. നീല കലർന്ന പച്ച നിറമുള്ള മുട്ടകളായിരുന്നു ഇവയ്‌ക്ക്. എ.ഡി 1250 - 1300 കാലഘട്ടത്തിൽ പോളിനേഷ്യയിൽ നിന്നും ന്യൂസിലാൻഡിലേക്ക് കുടിയേറിയ മൗറി വംശജർ ആഹാരത്തിനായി വേട്ടയാടാൻ തുടങ്ങിയതോടെയാണ് മോവകൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായത്. ഓവൻ പർവതനിരകളിൽ നിന്നും കണ്ടെത്തിയ മോവയുടെ കാൽപാദം ഇപ്പോൾ വെല്ലിംഗ്ടണിലുള്ള മ്യൂസിയം ഒഫ് ന്യൂസിലാൻഡിൽ സൂക്ഷിച്ചിട്ടുണ്ട്.

moa
അപ്‌ലാൻ‌ഡ് മോവ

​​​​​