bride

ഇസ്ളാബാദ്: സ്വർണത്തിലും വജ്രത്തിലുമുള്ള ആഭരണങ്ങൾ അണിയാൻ പറ്റുന്നതിന്റെ പരമാവധി അണിഞ്ഞ് സുന്ദരിമാരായാണ് സാധാരണ പെൺകുട്ടികൾ വിവാഹമണ്ഡപത്തിലെത്തുന്നത്. എന്നാൽ കഴിഞ്ഞദിവസം പാകിസ്ഥാനിൽ ഒരു പെൺകുട്ടി വിവാഹവേദിയിലെത്തിയത് ടോട്ടൽ വ്യത്യസ്തയായാണ്. തക്കാളികൊണ്ടുള്ള ആഭരണങ്ങളാണ് പെൺകുട്ടി ധരിച്ചിരുന്നത്. വളയും കമ്മലും എന്തിന് നെറ്റിച്ചുട്ടിപോലും തക്കാളികൊണ്ടുതന്നെ. പാകിസ്ഥാനിലെ തകർന്നുതരിപ്പണമായ സമ്പത്‌വ്യവസ്ഥയിലേക്ക് ലോകത്തിന്റെ ശ്രദ്ധ പതിപ്പിക്കാനായിരുന്നു ഇൗ സാഹസം. ഒരു പ്രാദേശിക മാദ്ധ്യമപ്രവർത്തകൻ ട്വിറ്ററിൽ വീഡിയോ പോസ്റ്റുചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സമ്പത് വ്യവസ്ഥ തകർന്നതോടെ പാകിസ്ഥാനിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചുയരുകയാണ്. വൻ പണക്കാർക്കുപോലും വില താങ്ങാനാവുന്നില്ല. ഒരു കിലോ തക്കാളിയുടെ വില മുന്നൂറുരൂപയ്ക്ക് മുകളിലാണിപ്പോൾ. ഇൗ അവസ്ഥ ലോകത്തിന് മുന്നിൽ കൊണ്ടുവരാനാണ് ശ്രമിച്ചതെന്നാണ് പെൺകുട്ടിയും ബന്ധുക്കളും പറയുന്നത്. തക്കാളി ആഭരണങ്ങൾക്കൊപ്പം സ്പെഷ്യൽ സമ്മാനമായി മൂന്ന് വലിയപെട്ടി നിറയെ തക്കാളിയും വരന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടു.

സ്വർണത്തോടൊപ്പം വിലയേറിയതാണ് തക്കാളിയും. അതിനാലാണ് സ്വർണാഭരണങ്ങൾക്ക് പകരം തക്കാളി തിരഞ്ഞെടുത്തത്. മക്കളുടെ വിവാഹത്തിന് മാതാപിതാക്കൾ തക്കാളി നൽകുകയാണെങ്കിൽ എല്ലാം നൽകിയെന്നുതന്നെ പറയാം-പെൺകുട്ടി പറയുന്നു. പാകിസ്ഥാനിൽ തക്കാളി കിട്ടാക്കനിയായതോടെ മറ്റുരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. വിലക്കയറ്റം കുറയ്ക്കാനാണ് ഇത് ചെയ്തതെങ്കിലും സ്ഥിതി നേരേ തിരിച്ചായി. പാകിസ്ഥാനിലെ മോഷ്ടാക്കൾ ഇപ്പോൾ തക്കാളിയാണ് ലക്ഷ്യം വയ്ക്കുന്നത്. മോഷണം പെരുകിയതോടെ വിള സംരക്ഷിക്കാൻ തക്കാളി കർഷകർ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുകയാണ് എന്നും റിപ്പോർട്ടുണ്ട്.