കല്ലമ്പലം: മഞ്ഞപ്പിത്തം പടർന്നുപിടിച്ചതിനെ തുടർന്ന്‍ ചാവർകോട് സി.എച്ച്.എം.എം കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിൽ. ആയിരത്തിൽപ്പരം കുട്ടികൾ പഠിക്കുന്ന കോളേജിൽ മൂന്നാഴ്ച മുമ്പാണ് മുപ്പതോളം പേരിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തുടർന്നാണ്‌ കോളേജ് അടച്ചുപൂട്ടിയത്. എന്നാൽ കോളേജ് എന്ന് തുറക്കുമെന്ന് മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ ഇതുവരെ ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും വിളിച്ചു ചോദിക്കുമ്പോൾ ഫോണിൽ മെസേജ് വരുമെന്ന് ഒറ്റവാക്കിൽ മറുപടി പറഞ്ഞ് ഫോൺ കട്ടാക്കുകയാണെന്നുമാണ് ആക്ഷേപം. എക്സാം അടുത്തുവരുന്നതിനാൽ കോളേജ് തുറക്കുന്നത് നീണ്ടുപോയാൽ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന ഉത്കണ്ഠയാണ് പല മാതാപിതാക്കൾക്കും. കല്ലമ്പലം, നാവായിക്കുളം മേഖലകളിലെ നിരവധി വിദ്യാർത്ഥികളാണ് ഈ കോളേജിൽ പഠിക്കുന്നത്.