ഭുവനേശ്വർ: നിയമസഭയിൽ സ്പീക്കർക്ക് എം.എൽ.എയുടെ വക സൂപ്പർ ഫ്‌ളൈയിംഗ് കിസ്. ഒഡീഷ നിയമസഭാ സ്പീക്കർ എസ്.എൻ.പാട്രോയ്ക്കാണ് കോൺഗ്രസ് അംഗം താരാപ്രസാദ് ബഹനിപതി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഫ്‌ളൈയിംഗ് കിസ് നൽകിയത്. തന്റെ മണ്ഡലത്തിലെ പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കാൻ സമയം അനുവദിച്ചതിന്റെ സന്തോഷസൂചകമായിട്ടായിരുന്നു ഇത്. നേരത്തേ പലതവണ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവസരം ലഭിച്ചിരുന്നില്ല.എന്നാൽ കഴിഞ്ഞദിവസം ആദ്യത്ത ചോദ്യം ഉന്നയിക്കാനുള്ള അവസരം നൽകുകയായിരുന്നു.
ഇതിനിടെ സ്പീക്കറെ അപമാനിക്കാനാണ് താരാപ്രസാദ് ശ്രമിച്ചെന്നാരോപിച്ച് ചില അംഗങ്ങൾ രംഗത്തെത്തി. എന്നാൽ സ്പീക്കറെ അപമാനിക്കണമെന്ന് താൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടില്ലെന്നാണ് താരാപ്രസാദ് പറയുന്നത്. മണ്ഡലത്തിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അവസരം തന്നതിനൊപ്പം അവിടത്തെ പിന്നാക്ക മേഖലയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും അതിൽ ഇടപെടാൻ ശ്രമിക്കുകയും ചെയ്തു. അതിൽ എനിക്കുള്ള നന്ദിയും സന്തോഷവും പ്രകടിപ്പിക്കാനാണ് ഞാൻ ഫ്‌ളൈയിംഗ് കിസ് നൽകിയത്-താരാപ്രസാദ് പറയുന്നു. എം.എൽ.എയുടെ ഫ്‌ളൈയിംഗ് കിസിൽ താൻ തികച്ചും സന്തുഷ്ടനാണെന്ന് സ്പീക്കർ പറഞ്ഞതോടെ അപമാനിക്കൽ വിവാദം അവസാനിച്ചു. അതേസമയം എം.എൽ.എ ഫ്‌ളൈയിംഗ് കിസ് നൽകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകാണ്.