malayinkil

മലയിൻകീഴ്: തിമിർത്ത് മഴ പെയ്തിട്ടും ആനപ്പാറ നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനി. വിലകൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ. ഉയർന്ന പ്രദേശമായ ആനപ്പാറയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് വാട്ടർ അതോറിട്ടി അധികൃതരോട് പലവട്ടം അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. പത്ത് ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് കാട്ടാക്കട എ.ഇ വാക്ക് നൽകിയെങ്കിലും ജലരേഖയായി.

പ്രദേശവാസികൾക്കും ആനപ്പറ കുന്നിലെ ഗവ.സ്കൂൾ, കോളേജ്, ഐ.ടി എന്നീ സ്ഥാപനങ്ങൾക്കും കുടിവെള്ളമെത്തുന്നത് ഐ.ടി റോഡിലെ വാട്ടർ ടാങ്കിൽ നിന്നാണ്. വാട്ടർ അതോറിട്ടിയുടെ പൈപ്പ് വെള്ളമാണ് ഏക ആശ്രയം. എന്നാൽ കനത്ത മഴ പെയ്തിട്ടും കുടിവെള്ളക്ഷാമം ഇതുവരെ പിടിവിട്ടിട്ടില്ല.

കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ സി.പി.എം.മലയിൻകീഴ് സൗത്ത് ബ്രാഞ്ച് കമ്മിറ്റി ഒരു ദിവസവും മലയിൻകീഴ് ഗ്രാമപഞ്ചായത്ത് രണ്ട് ദിവസവും ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചെങ്കിലും പര്യാപ്തമായില്ല.