തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.യുവിന്റെ നിയമസഭാ മാർച്ചിന് നേരെ ചൊവ്വാഴ്ച പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ തലപൊട്ടിയ ഷാഫി പറമ്പിൽ എം.എൽ.എയുടെ ചോര പുരണ്ട വസ്ത്രങ്ങളുമായി ഇന്നലെ നിയമസഭയിലെത്തിയ പ്രതിപക്ഷം സഭ സ്‌തംഭിപ്പിച്ചു.
ആക്രോശങ്ങളുമായി പ്രതിപക്ഷവും ഭരണപക്ഷവും നേർക്കുനേർ എത്തിയത് സഭയെ പ്രക്ഷുബ്ധമാക്കി. കെ.എസ്.യുക്കാർ പൊലീസിനെ ആക്രമിച്ചപ്പോഴാണ് ലാത്തിച്ചാർജും ഗ്രനേഡ് പ്രയോഗവുമുണ്ടായതെന്നും, പൊലീസ് നടപടി ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്നും മന്ത്രി ഇ.പി. ജയരാജൻ വിശദീകരിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ശേഷം മതി അന്വേഷണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതിനിടെ, അഞ്ച് പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുടെ ഡയസിൽ കയറി. എൽദോസ് കുന്നപ്പള്ളിൽ, വി.പി. സജീന്ദ്രൻ, റോജി എം. ജോൺ, ഐ.സി. ബാലകൃഷ്‌ണൻ, അൻവർ സാദത്ത് എന്നിവരാണ് സ്പീക്കറുടെ കസേരയ്ക്കടുത്തെത്തി മുദ്രാവാക്യം വിളിച്ചത്. ഇതോടെ സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ ഒന്നും മിണ്ടാതെ സഭ വിട്ടു. സ്പീക്കറുടെ അസാധാരണ നടപടിയിൽ സഭാംഗങ്ങൾ അമ്പരന്നു. 10.55ന് സഭ വിട്ട സ്പീക്കർ കക്ഷിനേതാക്കളുമായി കൂടിയാലോചനയ്ക്ക് ശേഷം 11.45നാണ് തിരിച്ചെത്തിയത്. ഈ 50 മിനിട്ട് സമയം സഭ അലങ്കോലപ്പെട്ടു. സഭ പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടർന്നു. നടപടികൾ വേഗത്തിലാക്കി 12.05ന് സഭ പിരിഞ്ഞു.
സാമാന്യ മര്യാദ ലംഘിച്ചു: സ്പീക്കർ
നിർഭാഗ്യകരമായ സാഹചര്യമാണ് സഭയിലുണ്ടായതെന്ന് സ്പീക്കർ പറഞ്ഞു. സഭയിൽ പ്രതിഷേധങ്ങളും വൈകാരിക പ്രകടനങ്ങളും സ്വാഭാവികമാണ്. റോജി എം. ജോൺ, ഐ.സി. ബാലകൃഷ്‌ണൻ, എൽദോസ് കുന്നപ്പള്ളിൽ, അൻവർ സാദത്ത് എന്നീ എം.എൽ.എമാർ സഭയുടെ സാമാന്യ മര്യാദ ലംഘിച്ചു. ഇവർക്കെതിരെ കാര്യങ്ങൾ കൂടിയാലോചിച്ച് തീരുമാനിക്കേണ്ടി വരുമെന്നും സ്പീക്കർ പറഞ്ഞു.