ഏറ്റവും തിരക്കേറിയ സമയത്ത് നഗരങ്ങളിൽ വി.വി.ഐ.പികൾക്കായി ഗതാഗതം തടഞ്ഞ് വഴി ഒരുക്കുന്നതുമൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറച്ചൊന്നുമല്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഗവർണർക്ക് വിമാനത്താവളത്തിലേക്കു പോകാൻ വേണ്ടി രാജ്ഭവൻ മുതൽ വിമാനത്താവളം വരെയുള്ള റോഡിൽ പൊലീസ് വാഹനം തടഞ്ഞു. അഞ്ചോ പത്തോ മിനിട്ടല്ല. അരമണിക്കൂറിലധികം. പല റോഡുകളും ഇതോടെ നിശ്ചലമായി. വൈകിട്ട് ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയവരും പല കാര്യങ്ങൾക്കായി ഇറങ്ങിത്തിരിച്ചവരുമെല്ലാം ഈ ഗതാഗതക്കുരുക്കിൽ പെട്ടു. ടെക്നോപാർക്കിൽ ജോലി കഴിഞ്ഞിറങ്ങിയ ആയിരക്കണക്കിനു ജീവനക്കാരുടെ കൂട്ടത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ ഭാര്യയും ഉണ്ടായിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല ഗവർണർക്ക് യാത്രാപഥം ഒരുക്കാൻ ഗതാഗതം അരമണിക്കൂറിലേറെ തടഞ്ഞ് പ്രശ്നമുണ്ടാക്കിയതിന് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് ഡി.ജി.പിയുടെ ശിക്ഷയും കിട്ടി. ഏതായാലും പ്രശ്നത്തിൽ ഡി.ജി.പിയുടെ ഇടപെടലിനു ഫലമുണ്ടായി. രണ്ടുദിവസമായി നഗരത്തിൽ വാഹന ഗതാഗതം സുഗമമാക്കാൻ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം കൂടുതൽ പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിരുന്നു. തിരക്കേറിയ സമയങ്ങളിൽ ഗതാഗത നിയന്ത്രണം എങ്ങനെ വേണമെന്ന് ഡി.ജി.പി ട്രാഫിക് വിഭാഗത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് വിശദമായി ക്ളാസും എടുത്തു എന്നാണു കേൾക്കുന്നത്. ഉന്നതന്മാരുടെ സുഗമമായ യാത്ര ഉറപ്പാക്കൽ മാത്രമാണ് തങ്ങളുടെ മുഖ്യചുമതല എന്നു ധരിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ പഠന ക്ളാസ് ഗുണപാഠമാകേണ്ടതാണ്.
സംസ്ഥാനത്തെ ഏതു നഗരത്തിലും പട്ടണത്തിലും രാവിലെയും വൈകിട്ടുമുള്ള ഗതാഗതത്തിരക്കും അതുവഴിയുണ്ടാകുന്ന അഴിയാക്കുരുക്കും ഏതു ക്ഷമാശാലിയെയും വല്ലാതെ പരീക്ഷിക്കുന്നതാണ്. പത്തോ ഇരുപതോ കിലോമീറ്റർ താണ്ടാൻ മണിക്കൂർ തന്നെ വേണ്ടിവരും. അതിനോടൊപ്പം വി.വി.ഐ.പികൾക്കായി വഴി ഒരുക്കാൻ വേണ്ടി റോഡുകൾ കെട്ടിയടയ്ക്കുക കൂടി ചെയ്യുമ്പോൾ അക്ഷരാർത്ഥത്തിൽ ജനങ്ങൾ പെട്ടുപോവുകയാണു ചെയ്യുന്നത്. വി.വി.ഐ.പി വാഹനം കടന്നുപോകാനായി മറ്റു വാഹനങ്ങൾ തടഞ്ഞിടുന്നതോടെ എല്ലാ വഴികളും ബ്ളോക്കാവുകയാണ്. വിശിഷ്ട വ്യക്തി കടന്നുപോയാലും വാഹനക്കുരുക്കഴിയാൻ ഏറെ നേരമെടുക്കും. അത്യാവശ്യ കാര്യങ്ങൾക്കായി ഇറങ്ങുന്നവരുൾപ്പെടെ റോഡിൽ ആ സമയത്ത് എത്തിപ്പെടുന്നവരുടെ സമയത്തിനും അവരുടെ ആവശ്യത്തിനും ഒരു വിലയുമില്ലെന്നു വരുന്നത് കടുത്ത പൗരാവകാശ നിഷേധമാണ്.
ജനങ്ങൾക്കു പ്രയാസമുണ്ടാകാത്ത വിധം ഗതാഗതം ക്രമീകരിക്കാൻ പൊലീസ് വിചാരിച്ചാൽ ഒരു പ്രയാസവുമില്ല. അതിനു പകരം വിശിഷ്ട വ്യക്തിയുടെ യാത്രയിൽ മാത്രം മുഴുവൻ ശ്രദ്ധ പതിപ്പിക്കുന്നതുകൊണ്ടാണ് കുഞ്ഞുകുട്ടികളടക്കം പതിനായിരങ്ങൾ മണിക്കൂറുകളോളം വഴിയിൽ കിടന്നുപോകുന്നത്. തിങ്കളാഴ്ചത്തെ കാര്യം തന്നെ എടുത്താൽ, തന്റെ എയർപോർട്ട് യാത്ര അനേകായിരം പേർക്ക് ശാപമായിട്ടുണ്ടെന്ന് ഗവർണർ അറിഞ്ഞിരിക്കില്ല. കഴിവതും ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കരുതെന്ന് ആഗ്രഹിക്കുന്ന വിശാല മനസിന്റെ ഉടമയായാണ് അദ്ദേഹം അറിയപ്പെടുന്നത്. പ്രോട്ടോക്കോൾ പരമാവധി ഒഴിവാക്കണമെന്ന ആഗ്രഹം പൊതുവേദിയിൽ വച്ച് പോലും പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഗവർണർക്ക് സുരക്ഷ ഒഴിവാക്കാനാകാത്തതു തന്നെയാണെങ്കിലും ഗതാഗതം ക്രമീകരിച്ച് ഒരു ശല്യവും കൂടാതെ അദ്ദേഹത്തെ എയർപോർട്ടിലെത്തിക്കാവുന്നതേയുള്ളൂ.
പൊലീസ് മേധാവികൾ രാജാവിനെക്കാൾ വലിയ രാജഭക്തി പ്രകടിപ്പിക്കാൻ തുനിഞ്ഞിറങ്ങുമ്പോഴാണ് പ്രശ്നമാകുന്നത്. ജനാധിപത്യ സമ്പ്രദായത്തിൽ സുഗമമായ യാത്ര ഏതൊരു പൗരന്റെയും അവകാശമാണ്. ഗവർണറോ മന്ത്രിമാരോ ലക്ഷ്യസ്ഥാനത്തെത്തുന്നതിനെക്കാൾ വേഗത്തിൽ വീട്ടിലോ ആശുപത്രിയിലോ റെയിൽവേ സ്റ്റേഷനിലോ എത്തേണ്ട അനവധി പേർ വി.വി.ഐ.പി യാത്രയ്ക്കായി വഴിയിൽ കുടുങ്ങിപ്പോകുന്നവരുടെ കൂട്ടത്തിലുണ്ടാകും. വിശിഷ്ട വ്യക്തികളുടെ യാത്രാപരിപാടി ഒരുക്കുന്നവരും പൊലീസും സദാ ഓർക്കേണ്ട കാര്യമാണിത്. പ്രകടനങ്ങളും സമരങ്ങളും ഒഴിയാത്ത തലസ്ഥാന നഗരത്തിൽ സുഗമമായ യാത്ര ഏറെ ദുഷ്കരമായിത്തീർന്നിട്ടുണ്ട്. മെയിൻ റോഡും ഭരണസിരാകേന്ദ്രത്തിനു മുമ്പിലുള്ള പ്രദേശങ്ങളും പ്രകടനക്കാർ കൈയടക്കുന്നതോടെ അതുവഴി പോകേണ്ടവരെ പൊലീസ് പല ഇടറോഡുകളിലേക്കും തിരിച്ചുവിടുകയാണു പതിവ്. കുപ്പിക്കഴുത്തു പോലുള്ള ഈ ഇടറോഡുകളിൽ ചെന്നുപെട്ടാലത്തെ അവസ്ഥ പറയാതിരിക്കുകയാകും ഭേദം. ഗതാഗത നിയന്ത്രണത്തിന് ഇത്തരം സന്ദർഭങ്ങളിൽ കൂടുതൽ പൊലീസിനെ നിയോഗിക്കാൻ കഴിയണം. തലസ്ഥാനത്ത് ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ചിട്ടയും അച്ചടക്കവുമുള്ള ഗതാഗതം സാദ്ധ്യമാക്കാൻ പൊലീസിലെ ഉന്നതർ വിചാരിച്ചാലേ പറ്റൂ. തിങ്കളാഴ്ച തിരുവനന്തപുരത്ത് പൊലീസ് സൃഷ്ടിച്ച ഗതാഗത സ്തംഭനം അത്തരത്തിൽ ഒരു ഇടപെടലിന് ഡി.ജി.പിയെ പ്രേരിപ്പിച്ചത് നന്നായി. ആവശ്യമായ തുടർ നടപടികളും ഉണ്ടാകണം.