തിരുവനന്തപുരം: അച്ഛന്റെ ആഗ്രഹം നിറവേറ്റി മകൻ. ശാസ്തമംഗലം ആർ.കെ.വി എൻ.എസ്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അശ്വിൻ .ബി.എസാണ് ജില്ലാകലോത്സവത്തിൽ ഹയർസെക്കൻ‌ഡറി വിഭാഗം കഥകളി സംഗീതത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. സ്‌പെഷ്യൽ ബ്രാഞ്ചിൽ എ.എസ്.ഐ ആയ അച്ഛൻ ബിജു എസ്. നായർക്ക് സംഗീതത്തോട് പ്രണയമാണ്. പാടും. പക്ഷേ,​ ശാസ്ത്രീയമായി സംഗീതം പഠിക്കാനായില്ല. തനിക്ക് കഴിയാത്തത് മക്കൾക്ക് ലഭിക്കണമെന്നദ്ദേഹം ആഗ്രഹിച്ചു. മക്കൾ രണ്ടു പേരെയും സംഗീതം അഭ്യസിപ്പിച്ചു. ഇപ്പോഴിതാ ഇളയമകൻ അശ്വിൻ അഭിമാനമായി. 15 വർഷമായി സംഗീതം പഠിക്കുന്നുണ്ട് അശ്വിൻ. ഇരിങ്ങാലക്കുട വിജയകുമാറാണ് ഗുരു. ലളിതഗാനം,​ മാപ്പിളപ്പാട്ട്,​ കവിതാ പാരായണം എന്നിവയും വഴങ്ങും. ബിരുദവിദ്യാർത്ഥിയായ ജ്യേഷ്ഠൻ ആരോമൽ .ബി.എസ് തുടർച്ചയായി അഞ്ച് വർഷം സംസ്ഥാന കലോത്സവത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.