തിരുവനന്തപുരം: ചെറുകിട വ്യവസായങ്ങൾ തുടങ്ങാൻ എല്ലാ ജില്ലകളിലും 100 ഏക്കർ വീതം സ്ഥലം ഏറ്രെടുത്ത് നൽകുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. നാളികേര ഉത്‌പാദനം കൂടുതലുള്ള കോഴിക്കോട്ടും കണ്ണൂരും ഏറ്റെടുക്കുന്ന സ്ഥലത്ത് നാളികേര പാർക്കുകൾ സ്ഥാപിക്കും.

മറ്റു ജില്ലകളിൽ അനുയോജ്യമായ വ്യവസായങ്ങൾ തുടങ്ങാം. സംരംഭങ്ങൾക്ക് വെള്ളവും വെളിച്ചവും ഭൂമിയും അടക്കമുള്ള അടിസ്ഥാനസൗകര്യം വ്യവസായ വകുപ്പ് ലഭ്യമാക്കും. കിൻഫ്ര, കെ.എസ്.ഐ.ഡി.സി എന്നിവയ്ക്കാണ് ഇതിന്റെ ചുമതല. വ്യവസായം തുടങ്ങാൻ നൽകുന്ന ഭൂമിയുടെ വില മൂന്നുവർഷം കഴിഞ്ഞ് തിരിച്ചടച്ചാൽ മതി. പൊതുമേഖലയ്ക്ക് പുറമെ സ്വകാര്യ മേഖലയ്ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. സംരംഭങ്ങൾക്ക് അസംസ്കൃത സാധനങ്ങൾ ലഭ്യമാക്കാനും ഉത്പന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്താനും വ്യവസായ വാണിജ്യ മിഷന് രൂപം നൽകും.

പുതിയ 'വ്യവസായ സ്ഥാപന സുഗമമാക്കൽ" നിയമത്തിന്റെ ഏ​റ്റവും വലിയ നേട്ടം കാർഷിക മേഖലക്കാണ്. കൂടുതൽ കാർഷിക വിളകൾ മൂല്യവർദ്ധിതമാക്കാൻ പുതിയ സംരംഭങ്ങൾ ആരംഭിക്കാം. ചവറ കെ.എം.എം.എൽ പോലുള്ള വൻകിട സ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്താൻ വേണ്ട സഹായവും വ്യവസായ വകുപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു.

പ്രവാസികൾക്കും

സഹായകം

മടങ്ങിവരുന്ന പ്രവാസികൾക്കും പുതിയ 'വ്യവസായ സ്ഥാപന സുഗമമാക്കൽ" നിയമം സഹായകമാണ്. പുതു സംരംഭങ്ങൾ പരിശോധിച്ച് അനുമതി നൽകാൻ ചീഫ് സെക്രട്ടറി ചെയർമാനും കെ.എസ്.ഐ.സി. ഡി മാനേജിംഗ് ഡയറക്‌ടർ കൺവീനറുമായി സംസ്ഥാന കൗൺസിലിന് രൂപം നൽകുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.