21

വർക്കല: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ അമ്പതോളം കേസുകളിൽ പ്രതിയായ യുവാവിനെ വർക്കല പൊലീസ് പിടികൂടി. കഴിഞ്ഞ അഞ്ചുവർഷമായി ഒളിവിലായിരുന്ന വെട്ടൂർ ആശാൻമുക്ക് വയലിൽ വീട്ടിൽ അബുത്താലിബാണ് (30) അറസ്റ്റിലായത്. വർക്കല, അയിരൂർ, കല്ലമ്പലം, കടയ്ക്കാവൂർ, വെഞ്ഞാറമൂട്, കാട്ടാക്കട, നെടുമങ്ങാട്, കൊല്ലം ജില്ലയിലെ പരവൂർ, പാരിപ്പള്ളി, ഇരവിപുരം എന്നിവിടങ്ങളിലായി വധശ്രമം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസ്, ഭവനഭേദനം, കവർച്ച, പിടിച്ചുപറി, മാലപൊട്ടിക്കൽ, വാഹനമോഷണം തുടങ്ങി അമ്പതോളം കേസുകളിൽ ഇയാൾ പ്രതിയാണ്. 2006 മുതൽ 2015 വരെയുള്ള വിവിധ കേസുകളിൽ കോടതികളിൽ ഹാജരാകാതിരുന്നതിന് ഇയാൾക്കെതിരെ 35ഓളം വാറണ്ടുകൾ നിലവിലുണ്ട്. പോക്‌സോ കേസുകളിലെ പ്രതികളെ പിടികൂടാനായി ജില്ലാ പൊലീസ് മേധാവി ബി. അശോക് പൊലീസ് സ്റ്റേഷനുകളിൽ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷമായി ജോലി ചെയ്‌തിരുന്ന കണ്ണൂർ തെക്കി ബസാറിലെ പ്ലാസ്റ്റിക് കമ്പനിയിൽ പൊലീസ് എത്തിയതോടെ പ്രതി കോട്ടയത്തേക്ക് മാറി. തുടർന്ന് ഏറ്റുമാനൂരിനടുത്ത് റബർ എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. അടുത്തിടെ പരിചയപ്പെട്ട അഞ്ചുതെങ്ങ് സ്വദേശിനിയോടൊപ്പം കഴിഞ്ഞുവന്ന പ്രതിയെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പിടികൂടിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിൽ വർക്കല സി.ഐ ജി. ഗോപകുമാർ, എസ്.ഐ ശ്യാം. എം.ജി, എ.എസ്.ഐ ഷാബു, നവാസ്, എസ്.സി.പി.ഒമാരായ ബിജു, ഷെമീർ, ഹരീഷ്, സെബാസ്റ്റ്യൻ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ‌്ത പ്രതിയെ റിമാൻഡ് ചെയ്‌തു.