കിളിമാനൂർ: നാടിന്റെ നെഞ്ചിലെ നീറ്റുന്ന മുറിവായ കുടുംബത്തിന് കാരുണ്യത്തിന്റെ തണലേകി കാവാരം പഞ്ചായത്തും നാട്ടുകാരും.
കാവാരം പഞ്ചായത്ത്, തോട്ടക്കാട് മീച്ചേരി, രജ്ഞിത്ത് ഭവനിൽ മാനസികരോഗിയായ ഗീതയും ജന്മനാ രോഗികളായ മക്കൾ വിഷ്ണുവും (22) രഞ്ജിത്തുമാണ് (25) നാടിനെ കണ്ണീരിലാഴ്ത്തിയത്.
ജന്മനാ രോഗികളായ വിഷ്ണുവിന് വയസ് 22 കഴിഞ്ഞെങ്കിലും അഞ്ച് വയസിന്റെ ശാരീരിക, മാനസിക വളർച്ചയാണുള്ളത്. സഹോദരൻ രഞ്ജിത്തിനാകട്ടെ, മാനസിക പ്രശ്നങ്ങൾക്ക് പുറമേ, ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. ഈ രണ്ട് മക്കളെ പോറ്റാനായി രാവു പകലും അദ്ധ്വാനിച്ച ഗീത, ആരോഗ്യം തകർന്ന് മാനസിക രോഗിയായി മാറി. പുറത്തിറങ്ങാൻ പോലും കൂട്ടാക്കാതെ വീടിനുള്ളിൽ കഴിയുകയാണ്. ഗീതയുടെ മാനസിക നില തകർന്നതോടെ ഭർത്താവ് ഉപേക്ഷിച്ചു പോയി. ഇതോടെ ഇവർ മുഴുപട്ടിണിയിലായി. സംരക്ഷിക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ടതോടെ ഗ്രാമപഞ്ചായത്ത് ഇവരുടെ സംരക്ഷണം ഏറ്റെടുത്തു. സുരക്ഷിതമായി തലചായ്ക്കാൻ ചെറിയ വീട് നിർമ്മിച്ചു നൽകി. ചികിത്സയ്ക്കുള്ള പണവും ആംബുലൻസ് സേവനവും നൽകി വരുന്നു. കുടുബശ്രീയും ഈ കുടുംബത്തിന് താങ്ങായെത്തി. പാഥേയം പദ്ധതിയിൽപ്പെടുത്തി ഉച്ചഭക്ഷണം നൽകുന്നുണ്ട്. സ്നേഹിത കോളിംഗ് ബെൽ പ്രവർത്തകർക്കൊപ്പം കഴിഞ്ഞ ദിവസം ബി. സത്യൻ എം.എൽ.എ ഇവരുടെ വീട്ടിലെത്തി എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. കൂടാതെ നാട്ടുകാരുടെയും, സുമനസുകളുടെയും സഹായം ഈ കുടുംബത്തിന് ആവശ്യമാണെന്നും ഉദാരമനസ്കരുടെ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.