കിളിമാനൂർ: ക്രിസ്തുമസ് രാവുകൾക്ക് തിളക്കമേകാൻ വിദ്യാർത്ഥികളുടെ കരവിരുതിൽ എൽ.ഇ.ഡി നക്ഷത്ര വിളക്കുകൾ തയ്യാറാകുന്നു. വാമനപുരം ആനാകുടി മുളമന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് സാധാരണ ബൾബുകൾ ഒഴിവാക്കി എൽ.ഇ.ഡിയിലുള്ള നക്ഷത്ര വിളക്കുകൾ നിർമ്മിക്കുന്നത്. എൽ.ഇ.ഡി ബൾബുകൾ ഉപയോഗിക്കുമ്പോൾ സാധാരണ ബൾബുകളേക്കാൾ ഊർജ്ജ ലാഭം കിട്ടുന്നതോടൊപ്പം കൂടുതൽ കാലം പ്രകാശം ചൊരിയുമെന്ന മേന്മയുമുണ്ട്. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്കു ആവശ്യക്കാർക്ക് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് വിദ്യാർത്ഥികൾ. ഇക്കുറി ആയിരത്തോളം നക്ഷത്ര വിളക്കുകളാണ് കുട്ടികൾ നിർമ്മിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന മേഖലകളിൽ നിന്നുള്ള കുട്ടികളാണ് ഈ സ്കൂളിലുള്ളത്. ഇവർക്ക് സ്വയം തൊഴിൽ കണ്ടെത്താനും പഠന ചിലവിനുള്ള പണം കണ്ടെത്താനും ഇതു വഴി കഴിയും. വിപണനം വഴി ലഭിക്കുന്ന ലാഭം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു് വിനിയോഗിക്കാനാണ് കുട്ടികളുടെ തീരുമാനം. നക്ഷത്ര വിളക്കുകൾക്ക് പുറമേ സോളാർ ടേബിൾ ലാമ്പ്, നാനോ ബഡ് ലൈറ്റ് തുടങ്ങിയ ഉപകരണങ്ങളും വി.എച്ച്.എസ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ടെക്നോളജി വിഭാഗത്തിലെ പി.ടി.സിയുടെയും സ്കൂൾ ഊർജ്ജ സംരക്ഷണ ക്ലബിന്റെയും ആഭിമുഖ്യത്തിൽ നിർമ്മിക്കുന്നു. 50-ഓളം വിദ്യാർത്ഥികളാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. 22 ന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികൾ നിർമ്മിച്ച ഉപകരണങ്ങളുടെ പ്രദർശനവും വില്പനയും ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ കെ.ആർ. ഷാജികുമാർ അറിയിച്ചു.