തിരുവനന്തപുരം: ഹൈസ്‌കൂൾ വിഭാഗം നങ്ങ്യാർകൂത്തിലും ചാക്യാർ കൂത്തിലും മത്സരരംഗത്തുണ്ടായിരുന്നത്

ഓരോരുത്തർ മാത്രം. സബ് ജില്ലയിൽ മറ്റ് മത്സരാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും ജില്ലാതലത്തിൽ അവർ ആരും

മത്സരിക്കാൻ എത്താതിരുന്നതോടെയാണ് എതിരാളികളില്ലാതെ പോയത്. നങ്ങ്യാർകൂത്തിൽ മത്സരിക്കാനുണ്ടായിരുന്നത് വഴുതക്കാട് കാർമൽ ഗേൾസ് എച്ച്.എസ്.എസിലെ ദൃശ്യ സൂരജും ചാക്യാർകൂത്തിൽ കിളിമാനൂർ ആർ.ആർ.വി ബോയ്സ് സ്‌കൂളിലെ എ.എം. അച്യുതുമാണ്. ഇരുവരും എ ഗ്രേഡോടെ കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് ടിക്കറ്റും വാങ്ങി.

ഹിരണ്യകശിപുവിനെ വധിക്കുന്ന നരസിംഹാവതാരത്തെയാണ് ദൃശ്യ വേദിയിൽ അവതരിപ്പിച്ചത്. 8-ാം ക്ലാസ് വിദ്യാർത്ഥിനിയായ ദൃശ്യ ഒരു വർഷത്തെ മാത്രം പരിശീലനം കൊണ്ടാണ് നങ്ങ്യാർകൂത്തുമായി മത്സരിക്കാനെത്തിയത്. മൂന്നര വയസ് മുതൽ നൃത്തം അഭ്യസിക്കുന്ന ദൃശ്യ ഭരതനാട്യം, കേരളനടനം, നാടോടിനൃത്തം, കുച്ചിപ്പുടി എന്നിവയിൽ മുൻവർഷങ്ങളിൽ ഉപജില്ലാ തലത്തിൽ മികവ് തെളിയിച്ചിട്ടുണ്ട്. പാപ്പനംകോട് കല്പക ഗാർഡൻസ് പണയിൽ വീട്ടിൽ സൂരജ് - അർച്ചന ദമ്പതികളുടെ മകളാണ് ദൃശ്യ.
അച്യുത് കഴിഞ്ഞവർഷവും ജില്ലയിൽ ഒന്നാംസ്ഥാനം നേടി സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു.

രണ്ട് വർഷമായി ചാക്യാർകൂത്ത് അഭ്യസിക്കുന്നുണ്ട്. ഇതോടൊപ്പം കഥകളിയിലും ഓട്ടൻതുള്ളലിലും

മത്സരിക്കുന്നുണ്ട്. ഇത്തവണ മത്സരത്തിനില്ലെങ്കിലും കഴിഞ്ഞ വർഷം കഥകളിയിൽ ജില്ലയിൽ പങ്കെടുത്തിരുന്നു.

കിളിമാനൂർ സ്വദേശികളായ അനൂപ് - മായ ദമ്പതികളുടെ മകനാണ്.