legislative-assembly

ഭൂമികുലുക്കത്തിൽ ഏത് ശ്രീകോവിലും കുലുങ്ങും. ജനാധിപത്യത്തിന്റെ ശ്രീകോവിൽ കുലുങ്ങുമ്പോൾ ആഘാതം കൂടും. '2015 മാർച്ച് 15ന് കെ.എം. മാണിയുടെ ബഡ്‌ജറ്റ് ദിനത്തിൽ അരങ്ങേറിയ കലാപരിപാടി'ക്ക് ശേഷം, അത്രത്തോളം പോയില്ലെങ്കിലും, ശ്രീകോവിലിന് ആ 'ഭാഗ്യം' (നിർഭാഗ്യം!) ഇന്നലെയുണ്ടായി. അന്നത്തെ ഭരണപക്ഷം പ്രതിപക്ഷത്തും അന്നത്തെ പ്രതിപക്ഷം ഭരണപക്ഷത്തും. കസേര മറിച്ചിട്ടില്ലെന്ന് മാത്രം.

കഴിഞ്ഞദിവസത്തെ കെ.എസ്.യു മാർച്ചിൽ ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് പൊലീസിന്റെ മർദ്ദനമേറ്റതിൽ പ്രതിപക്ഷം അടിയന്തര പ്രമേയനോട്ടീസുമായി എത്തിയത് ചോര പുരണ്ട ബനിയനും പൊക്കിപ്പിടിച്ചാണ്.

സഹപ്രവർത്തകന്റെ തലയടിച്ചുപൊട്ടിച്ച കേസല്ലേ. അഞ്ചു വീരന്മാർ സ്പീക്കറുടെ ഡയസിൽ കയറി ചെയറിനടുത്തെത്തി മുദ്രാവാക്യം വിളിച്ചു. റോജി എം. ജോൺ, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി, വി.പി. സജീന്ദ്രൻ. പക്ഷേ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നിശബ്ദ പ്രകടനം അവരെയും ഞെട്ടിച്ചു. സഭ നിറുത്തിവയ്ക്കുന്നതായി പോലും അറിയിക്കാതെ സ്പീക്കർ എഴുന്നേറ്റ് തിരിഞ്ഞ് ഒറ്റ നടത്തം.

ഭരണപക്ഷത്തെ ചില പിൻബെഞ്ചുകാർ ഇതോടെ മുദ്രാവാക്യം മുഴക്കി ഓടിയടുത്തു. കാവിലെ പാട്ടുമത്സരക്കാരെ പോലെ ഭരണ - പ്രതിപക്ഷങ്ങൾ നേർക്കുനേർ മുദ്രാവാക്യ മത്സരം. സ്പീക്കർ മടങ്ങിയതോടെ അനാഥമായ ശ്രീകോവിലിൽ ഒരു മണിക്കൂറോളം ഇടവേള. 11.43ന് വീണ്ടും സമ്മേളിച്ചപ്പോൾ സ്വിച്ചിട്ടപോലെ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യങ്ങളും നടുത്തളത്തിലിറങ്ങലും. 'പിണറായിയുടെ പൊലീസ്, പേപ്പട്ടിയായ പൊലീസ്' എന്നാണ് അൻവർസാദത്ത് വിളിച്ചുകൊടുത്തത്. തലയ്ക്കടിച്ചതിനൊപ്പം ഷാഫിയുടെ കൈവിരലുകൾ ഒരു പൊലീസുകാരൻ കടിച്ചുമുറിച്ചതാണ് പ്രകോപനം.

പിണറായിയുടെ പൊലീസ് കുരങ്ങന്മാരുടെ പൊലീസായോ എന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിയ വി.ടി. ബൽറാം ചോദിച്ചു.

മുഖ്യമന്ത്രിയുടെ അഭാവത്തിൽ മറുപടി പറഞ്ഞ മന്ത്രി ഇ.പി. ജയരാജൻ സമാധാന പക്ഷത്തായിരുന്നു. എം.എൽ.എയ്ക്ക് മർദ്ദനമേറ്റത് ദൗർഭാഗ്യകരമാണെന്ന് പറഞ്ഞെങ്കിലും എം.എൽ.എയായിരിക്കെ പൊലീസിന്റെ അടിയിൽ പുറത്തെ തൊലി പോയതാണ് അദ്ദേഹത്തിന്റെ സ്വന്തം അനുഭവം. എങ്കിലും സമാധാനം ജീവിതവ്രതമാക്കിയവരാണ് ഇപ്പോഴത്തെ പൊലീസെന്ന് മന്ത്രി പറഞ്ഞു. ജനസേവന സംസ്‌കാരമുള്ള പൊലീസ് ടെക്നോളജിയിലധിഷ്ഠിതമായ മുന്നേറ്റമാണ് നടത്തുന്നതെന്ന് മന്ത്രി വിവരിച്ചപ്പോൾ ടെക്നോളജി ഇത്രയും പുരോഗമിക്കേണ്ടിയിരുന്നില്ല എന്ന് തോന്നാതിരുന്നില്ല! സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാമിന്റെ കൈ തല്ലിയൊടിച്ചതും ഷാഫിയുടെ കൈ കടിച്ചതുമെല്ലാം ഓർത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സംശയം ന്യായമായിരുന്നു: 'പൊലീസിനെ ടെക്നോളജി പഠിപ്പിക്കുന്നത് ഇങ്ങനെയാണോ?'

രണ്ടാമത് ചേർന്നപ്പോഴും ബഹളം തുടർന്നതോടെ വ്യവസായനിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള രണ്ട് ബില്ലുകൾ 'ചടപടേ'ന്ന് പാസാക്കി സഭ പിരിഞ്ഞു.