തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.യു നിയമസഭാ മാർച്ചിൽ പങ്കെടുത്ത ഷാഫി പറമ്പിൽ എം.എൽ.എ, സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തി. പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ പ്രവർത്തകൻ ബിനോയിക്ക് (32) പരിക്കേറ്റു. പാളയത്തുനിന്ന് ആരംഭിച്ച മാർച്ച് സ്റ്റേഡിയത്തിന് സമീപം പൊലീസ് ബാരിക്കേഡുയർത്തി തടഞ്ഞു. ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ച പ്രവർത്തകരെ പിരിച്ചുവിടാനാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെ തെറിച്ചുവീണാണ് പ്രവർത്തകന് പരിക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് യു.ഡി.എഫ് എം.എൽ.എമാർ പുറത്തേക്ക് വന്നതിന് തൊട്ടുപിന്നാലെയാണ് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താനുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്‌ത ഷാനിമോൾ ഉസ്‌മാൻ എം.എൽ.എ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷത വഹിച്ചു. എം. വിൻസെന്റ് എം.എൽ.എ, എം.എ. ലത്തീഫ്, ജി.എസ്. ബാബു, പി.കെ. വേണുഗോപാൽ, ഷാനവാസ് ആനക്കുഴി, കടകംപള്ളി ഹരിദാസ്, എസ്. ജലീൽ മുഹമ്മദ്, മോളി അജിത്, അഭിലാഷ് ആർ. നായർ, ആർ. ഹരികുമാർ, വിൻസന്റ് ഡി. പോൾ, ഷിഹാബുദീൻ കാര്യത്ത്, എസ്. കൃഷ്‌ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.