തിരുവനന്തപരും: കഥകളി സംഗീതവും ട്രിപ്പിൾ ജാസും തമ്മിലുള്ള അന്തരം ഏറെയാണ്. എന്നാൽ, ബാലരാമപുരം നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അർജുൻ ആ ദൂരം താണ്ടാനെടുത്തത് ഒരേയൊരു വർഷം മാത്രമാണ്. മൂന്ന് വർഷം തുടർച്ചയായി സംസ്ഥാന കലോത്സവത്തിൽ കഥകളി സംഗീതത്തിലും മൃദംഗത്തിലും ഒന്നാമതെത്തിയ അർജ്ജുൻ ഇതാദ്യമായാണ് പാശ്ചാത്യ സംഗീതമായ ട്രിപ്പിൾ ജാസിൽ കൈവച്ചത്. മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി തൊട്ടതെല്ലാം പൊന്നാക്കുകയാണ് അർജുൻ.
പത്ത് വർഷമായി അർജുൻ മൃദംഗവും കഥകളി സംഗീതവും പഠിക്കുന്നു. ട്രിപ്പിൾ ജാസ് പഠിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമേ ആയുള്ളൂ. വർക്ക്‌ഷോപ്പ് ജീവനക്കാരനായ അച്ഛൻ അജികുമാർ വിൽപ്പാട്ട് കലാകാരനാണ്. കുടുംബാംഗങ്ങൾ ചേർന്ന് രൂപീകരിച്ച രാഗലയ എന്ന സംഗീത ട്രൂപ്പിന് വേണ്ടി അർജ്ജുനും സ്റ്റേജുകളിലെത്താറുണ്ട്. അമ്മ അനിത യോഗ അദ്ധ്യാപികയാണ്.