uuu

നെയ്യാറ്റിൻകര: തോക്കുചൂണ്ടി അമ്മയുടെയും മകളുടെയും ഏഴുപവൻ ആഭരണം തട്ടിയെടുത്ത കേസിൽ പൊലീസ് പിടിയിലായ കോട്ടയം പെരുവ പന്തപ്പള്ളിൽ ഹൗസിൽ ആന്ധ്രരാജേഷ് എന്ന രാജേഷ് കുമാറിനെ (42) കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും. നരുവാമൂട് സ്വദേശിയും പത്ര ഏജന്റുമായ അനിൽകുമാറിന്റെ ഭാര്യ ജയശ്രീയുടെ മൂന്നുപവന്റെയും മകൾ അനുജയുടെ നാല് പവന്റെയും മാലയാണ് ഇയാൾ മോഷ്ടിച്ചത്. ഇയാളെ നരുവാമൂട് സി.ഐ ധനപാലന്റെ നേതൃത്വത്തിൽ വിശാഖപട്ടണത്തുവച്ച് അറസ്റ്റുചെയ്യുമ്പോൾ ബാഗിൽ പിസ്റ്റലും തിരകളുമുണ്ടായിരുന്നു. പക്ഷികളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ലൈസൻസ് ഇല്ലാത്ത തോക്കാണിത്. ആന്ധ്രയിലും സമാനമായ മോഷണങ്ങൾ നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. കോട്ടയത്തു നിന്നു ഒരു സുഹൃത്തിന്റെ കാറിലാണ് ഇയാൾ നരുവാമൂട്ടിൽ എത്തിയത്. ഡ്രൈവർ ഷാജിജോണിനെയും പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്. ഇരുവരും കാട്ടാക്കടയിൽ ഒരു ലോഡ്‌ജിൽ തങ്ങിയാണ് മോഷണപരമ്പര ആസൂത്രണം ചെയ്‌തത്. കൂടുതൽ തെളിവെടുപ്പിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. മൊട്ടമൂട് ചന്തയ്ക്ക് സമീപം താമസിച്ചിരുന്ന ഇയാളും കുടുംബവും 20 വർഷം മുമ്പ് കോട്ടയത്തേക്ക് താമസം മാറുകയായിരുന്നു.

സുവിശേഷകൻ ചമഞ്ഞും മോഷണം

----------------------------------------------------------------
സുവിശേഷകൻ ചമഞ്ഞുനടന്ന ഇയാൾ പുസ്‌തകവുമായി വീടുകളിലെത്തി മോഷണം നടത്തുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പുരുഷന്മാരില്ലാത്ത സമയത്ത് വീട്ടിൽ കയറി സ്ത്രീകളെ വിരട്ടി മോഷണം നടത്തുകയാണ് ഇയാളുടെ ശൈലി. കോട്ടയത്തും മോഷണം പതിവാക്കിയ ഇയാൾ കുറേനാൾ ആന്ധ്രയിലായിരുന്നു. മോഷ്ടിക്കുന്ന സ്വർണം ഏറ്റുമാനൂരിലെ സ്ഥിരംകടയിൽ വിൽക്കുകയാണ് ഇയാളുടെ രീതി. ആന്ധ്രയിലും ഇയാൾ സമാന രീതിയിൽ മോഷണം നടത്തിയിരുന്നു. ഇയാളുടെ ബാഗിൽ നിന്നും ബൈബിളും പുസ്‌തകങ്ങളും പൊലീസ് കണ്ടെത്തി.