തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.എൽ.എയ്ക്കും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനുമടക്കം പൊലീസ് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെ.എസ്.യു നടത്തിയ വിദ്യാഭ്യാസ ബന്ത് ജില്ലയിൽ പൂർണമായിരുന്നു. സർവകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എം.എൽ.എ ഹോസ്റ്റൽ പരിസരം ഏറെ നേരം സംഘർഷാവസ്ഥയിലായി. മാർച്ചിനിടെ മന്ത്രി കെ. രാജുവിനെ സമരക്കാർ തടഞ്ഞു. കനത്ത മഴയെ അവഗണിച്ചായിരുന്നു വിദ്യാർത്ഥികളുടെ പ്രകടനം. രാവിലെ പാളയത്തിന് സമീപം കേന്ദ്രീകരിച്ച ശേഷമാണ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് നീങ്ങിയത്. പ്രധാന പ്രവേശന കവാടത്തിന് മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു.
തടയാൻ ശ്രമിക്കുന്നതിനിടെ കെ.എസ്.യുക്കാരും പൊലീസുമായി വാക്കേറ്റമുണ്ടായി. സർവകലാശാലയുടെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച പെൺകുട്ടികൾ അടക്കമുള്ള പ്രവർത്തകരെ പൊലീസ് പിടികൂടി. ഇതോടെ വിദ്യാർത്ഥികളും പൊലീസുമായി വീണ്ടും വാക്കുതർക്കമായി. ഇതിനിടെയാണ് മന്ത്രി കെ. രാജു അതുവഴി വന്നത്. മന്ത്രിയുടെ കാർ തടഞ്ഞ കെ.എസ്.യു പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് മാറ്റിയത്. ഇതിനിടെ ഒരു സംഘം വിദ്യാർത്ഥികൾ മന്ത്രിയുടെ കാർ പിന്തുടരാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. സമരത്തെ തുടർന്ന് വാഹന ഗതാഗതം ചെറിയ തോതിൽ തടസപ്പെട്ടു.