വെള്ളറട: കത്തിപ്പാറ - ശങ്കിലി - പന്നിമല റിംഗ് റോഡ് നിർമ്മാണം വർഷം രണ്ടായിട്ടും എങ്ങുമെത്തിയില്ല. നാട്ടുകാർക്ക് കാൽനടയായി യാത്രചെയ്യാൻപോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഈ റോഡ്. ഉണ്ടായിരുന്ന റോഡ് ജെ.സി.ബി ഉപോയഗിച്ച് പുനർനിർമ്മാണത്തിന്റെ പേരിൽ തകർത്തതോടെ നാട്ടുകാർക്ക് ഇപ്പോൾ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാക്കി. ആറുകോടിരൂപ ചെലവഴിച്ചാണ് റിംഗ് റോഡ് നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചത്. റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നവേളയിൽ ആറുമാസം കൊണ്ട് റോഡ് പൂർത്തീകരിച്ച് എല്ലാ ആധുനിക സംവിധാനങ്ങളും റോഡിൽ ഉണ്ടാകുമെന്ന് സ്ഥലം എം.എൽ.എ വാഗ്ദാനവും ചെയ്തിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും റോഡ് നിർമ്മാണം എങ്ങുമെത്താത്തിനെ തുടർന്ന് നാട്ടുകാർ പ്രതിക്ഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടർന്ന് അടിയന്തിരമായി റോഡ് പണി പൂർത്തീകരിക്കാൻ കരാറുകാരന് ചുമതലപ്പെടുത്തിയതായും ഒക്ടോബർ 30നു മുമ്പ് റോഡ് പണി പൂർത്തിയാകുമെന്നും അറിയിപ്പുമുണ്ടായി. എന്നാൽ ഒന്നും സംഭവിച്ചില്ല. റോഡ് തകർന്ന് വഴി നടക്കാൻ കഴിയാത്ത സ്ഥിതിയായെന്നുമാത്രം.
റോഡ് കുത്തിക്കുഴിച്ച് വലിയ മെറ്റലുകൾ വിതറി. എന്നാൽ പിന്നാലെ വന്ന ശക്തമായ മഴയിൽ അത് ഒലിച്ചുപോയി. ഇപ്പോൾ അടിയന്തരഘട്ടത്തിൽ പോലും ഒരു വണ്ടിക്കും ഈ വഴി വരാൻ കഴിയാത്ത അവസ്ഥ. റോഡിന്റെ കരാറുകാരനെ കാണാൻ പോലുമില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതുവഴിപോകുന്ന ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെടുക നിത്യസംഭവമാണ്. റോഡ് നിർമ്മാണം പൂർത്തിയാകുന്നതും കാത്ത് കഴിയുകയാണ് ഇവിടുത്തെ നാട്ടുകാർ.