വർക്കല: പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പാപനാശം മേഖലയിൽ തെരുവ് നായാക്കളുടെ ശല്യം സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പാപനാശത്തിനു പുറമെ സമീപത്തുള്ള മറ്റു ബീച്ചുകളിലും ഇവിടങ്ങളിലേക്കുള്ള വഴികളിലുമൊക്കെ തെരുവ് നായ്ക്കൾ വിഹരിക്കുകയാണ്. ടൂറിസം സീസൺ ആരംഭിച്ചതോടെ വിദേശികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
300 ൽ പരം ഹോട്ടലുകളും റസോർട്ടുകളും ഹോംസ്റ്റേകളും ഇവിടങ്ങളിൽ പ്രവർത്തിക്കുന്നു. ചില സ്ഥാപനങ്ങളിൽ നിന്നും പുറംതളളുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും പാതയോരത്തും പാപനാശം മേഖലയിലും കൊണ്ടുവന്ന് നിക്ഷേപിക്കുന്നതും പതിവായിട്ടുണ്ട്. കൂന കൂടി കിടക്കുന്ന ഭക്ഷണ സാധനങ്ങൾ തേടി നായ്ക്കൾ എത്തുന്നതും പതിവ് കാഴ്ചയാണ്. കഴിഞ്ഞ സീസണിൽ നിരവധി വിനോദസഞ്ചാരികളെ തെരുവ് നായ്ക്കൾ കടിച്ച് പരിക്കേൽപിച്ചിരുന്നു. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള ഒരു നടപടിയും നഗരസഭ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ആരോഗ്യ വിഭാഗത്തിന്റെ സ്ക്വാഡ് അടുത്തകാലം വരെ സജീവമായിരുന്നു. എന്നാൽ ഇവരുടെ സാന്നിദ്ധ്യം ഇല്ലാതായതോടെയാണ് വീണ്ടും മാലിന്യങ്ങൾ പൊതുനിരത്തിൽ തള്ളുന്നത്. പാപനാശത്തിന്റെ നിർണ്ണായക ഇടങ്ങൾ കാമറനിരീക്ഷണത്തിലായാൽ രാത്രികാലങ്ങളിൽ മാലിന്യം കൊണ്ടു വന്ന് തള്ളുന്നവരെ കണ്ടെത്താൻ കഴിയും. പാപനാശത്ത് അലഞ്ഞു തിരിയുന്ന നായ്ക്കളിൽ പലതും മുറിവേറ്റ് വൃണമായവയാണ്. വിനോദസഞ്ചാരികളുടെയും പ്രദേശവാസികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾക്കും കഴിയാതെ പോവുകയാണ്. തീരത്ത് ബലിതർപ്പണത്തിനെത്തുന്നവർക്കും തെരുവ് നായ്ക്കൾ ഭിഷണിയായി മാറിയിട്ടുണ്ട്.