തിരുവനന്തപുരം: നാല് പ്രതിപക്ഷ അംഗങ്ങൾ ഡയസിൽ കയറി ബഹളമുണ്ടാക്കിയതോടെ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഒന്നും മിണ്ടാതെ കസേരയിൽ നിന്ന് ഇറങ്ങിപ്പോയത് നിയമസഭയുടെ ചരിത്രത്തിൽ അത്യപൂർവം. അസാധാരണ രീതിയിൽ ബഹളങ്ങളുണ്ടായാൽ സഭാനടപടികൾ നിറുത്തി വയ്ക്കുന്നതായോ, പിരിയുന്നതായോ സ്പീക്കർ മൈക്കിലൂടെ അറിയിക്കുന്നതാണ് കീഴ്വഴക്കം.
ഇന്നലെ പക്ഷേ, സഭ നിറുത്തി വയ്ക്കുന്നുവെന്ന അറിയിപ്പ് പോലും നൽകാതെയാണ് സ്പീക്കർ എഴുന്നേറ്റ് പോയത്.
സഭാനാഥനായ സ്പീക്കർ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റാൽ ആ നിമിഷം തൊട്ട് സഭ അനാഥമായെന്നാണ് വിവക്ഷ. സഭയിലെ ഇലക്ട്രോണിക്സ് വിഭാഗം മൈക്കുകൾ ഉടൻ ഓഫ് ചെയ്യും. സമ്മേളനം പിരിയുന്നതായി സ്പീക്കർ പറയാത്ത സ്ഥിതിക്ക് സമ്മേളനം നിറുത്തിവച്ചതായുള്ള വ്യാഖ്യാനമാണുണ്ടായത്. സമ്മേളനം നടക്കുന്നതിനിടെ സ്പീക്കർക്ക് പുറത്ത് പോകേണ്ടി വന്നാൽ അതിന് മുമ്പ് ഡെപ്യൂട്ടി സ്പീക്കറോ, ചെയർമാൻമാരുടെ പാനലിൽ നിന്നുള്ള അംഗമോ പകരം ഇരിപ്പിടത്തിൽ എത്തണം.
ഇതിന് മുമ്പ്, 1969ൽ സപ്തകക്ഷി മന്ത്രിസഭയ്ക്ക് ശേഷമുള്ള ചെറിയ കാലയളവിൽ ഡി. ദാമോദരൻ പോറ്റി സ്പീക്കറായി തുടർന്നപ്പോൾ പ്രതിപക്ഷ അംഗങ്ങളുടെ ഡയസിൽ കയറിയുള്ള ബഹളത്തെ തുടർന്ന് അദ്ദേഹം എഴുന്നേറ്റ് പോയിരുന്നു. അന്ന് സി.പി.എം അംഗങ്ങളായ എ.വി. ആര്യൻ, സി.ബി.സി. വാര്യർ, പ്രഭാകര തണ്ടാർ, മൊയ്തീൻ, വി.എം. ജോർജ് എന്നിവരാണ് ബഹളമുണ്ടാക്കിയത്. ഇറങ്ങിപ്പോകാനായി തിരിഞ്ഞു നടന്ന ഉടനേ, സഭ പിരിയുന്നുവെന്ന് സ്പീക്കർ പറഞ്ഞെങ്കിലും മൈക്ക് ഒഫ് ചെയ്തതിനാൽ കേട്ടില്ല. പിറ്റേന്ന് അഞ്ച് അംഗങ്ങളെ സസ്പെൻഡ് ചെയ്തു. ഇന്നലെ, ഡയസിലേക്കുള്ള അംഗങ്ങളുടെ അപ്രതീക്ഷിത വരവിൽ പ്രകോപിതനായി സ്പീക്കർ എഴുന്നേറ്റതാവാമെന്നാണ് വ്യാഖ്യാനം.