തിരുവനന്തപുരം: നൂറിലേറെ ഉദ്യോഗസ്ഥരെ പെരുവഴിയിലാക്കി നന്ദാവനം എ.ആർ ക്യാമ്പിലെ ഓഫീസർമാരുടെ ബാരക്ക് പൊടുന്നനെ പൊളിച്ചുനീക്കാൻ ഉത്തരവ്. സ്‌മാർട്ട് സിറ്റി പദ്ധതിയിലേക്കുള്ള ട്രാഫിക് ആൻഡ് സേഫ്‌റ്റി കമാൻഡ് കൺട്രോൾ റൂം നിർമ്മിക്കാനായാണ് ബാരക്ക് പൊളിക്കുന്നതെന്നും ഇന്ന് രാവിലെ ഉദ്യോഗസ്ഥർ ഒഴിഞ്ഞുപോകണമെന്നുമാണ് ഉത്തരവ്. ബാരക്ക് പൊളിക്കാനുള്ള ടെൻഡർ നടപടികൾ രഹസ്യമായി സിറ്റി പൊലീസ് നേതൃത്വം പൂർത്തിയാക്കിയിട്ടുണ്ട്.
എ.എസ്.ഐമാർ മുതൽ ഇൻസ്പെക്ടർമാർ വരെയുള്ളവർ വർഷങ്ങളായി ഉപയോഗിക്കുന്ന ബാരക്കാണിത്. നിയമസഭയിൽ സുരക്ഷാ ഡ്യൂട്ടിക്കടക്കം മറ്റ് ബറ്റാലിയനുകളിൽ നിന്നെത്തുന്നവരും താമസിക്കുന്നത് ഇവിടെത്തന്നെ. ഓഫീസർമാരുടെ വസ്ത്രങ്ങളും പെട്ടികളും യൂണിഫോമും സാധനങ്ങളും സൂക്ഷിച്ചിരിക്കുന്നതും ഈ ബാരക്കിലാണ്.
നേരത്തേ എ.ആർ ക്യാമ്പിലെ രണ്ട് ബാരക്കുകൾ പൊലീസ് കാന്റീൻ നിർമ്മിക്കാനെന്ന പേരിൽ പൊളിച്ചുനീക്കിയിരുന്നു. രണ്ടുവർഷമായിട്ടും യാതൊരു നിർമ്മാണവും നടത്തിയിട്ടില്ല. ക്യാമ്പിൽ നിർമ്മിച്ച മൂന്നുനില കെട്ടിടത്തിലേക്ക് ഈ ബാരക്കുകളിൽ താമസിച്ചിരുന്നവരെ മാറ്റിയിരുന്നു. ക്യാമ്പിലെ 1200 പൊലീസുകാരും മറ്റ് ബറ്റാലിയനുകളിൽ നിന്ന് തലസ്ഥാനത്തെ സുരക്ഷാ ഡ്യൂട്ടിക്കെത്തുന്നവരുമെല്ലാം താമസിക്കുന്നത് ഈ കെട്ടിടത്തിലാണ്. ട്രെയിനി പൊലീസുകാരടക്കമുള്ളവർ ഈ കെട്ടിടത്തിൽ തിങ്ങിക്കൂടി കഴിയുകയാണ് ചെയ്യുന്നത്. ഇവർക്കൊപ്പം കഴിയാനാണ് ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശം. ഇതേ കെട്ടിടത്തിലാണ് പൊലീസുകാർക്കുള്ള മെസും പ്രവർത്തിക്കുന്നത്.
നീക്കങ്ങൾ രഹസ്യം
ബാരക്ക് പൊളിക്കുന്നത് സിറ്റി പൊലീസ് നേതൃത്വം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. പൊളിക്കാനുള്ള കരാർ ഇന്നലെയാണ് നൽകിയത്. കരാറുകാരൻ ഇന്നലെത്തന്നെ പണമടച്ച് രേഖകൾ നേടി. ഇന്ന് രാവിലെ ഉദ്യോഗസ്ഥർ സാധനങ്ങളുമെടുത്ത് ബാരക്ക് ഒഴിയണമെന്ന് അസി. കമൻഡാന്റ് നിർദ്ദേശിച്ചിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെ തങ്ങളെ വഴിയാധാരമാക്കിയതിൽ പൊലീസുദ്യോഗസ്ഥർ അമർഷത്തിലാണ്.