തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് പൊലീസ് ലാത്തിച്ചാർജിൽ തല പൊട്ടിയതിൽ പ്രതിഷേധിച്ച് ഇന്നലെ സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം മുഴക്കിയ നാല് പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടിക്കുള്ള സൂചന നൽകി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. റോജി എം. ജോൺ, എൽദോസ് കുന്നപ്പള്ളി, ഐ.സി. ബാലകൃഷ്ണൻ, അൻവർ സാദത്ത് എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം.
നാല് സാമാജികർ സഭയുടെ മര്യാദ ലംഘിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്നും ഇവർക്കെതിരായ നടപടി ഗൗരവമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. നടപടി ഇന്ന് സഭയിൽ പ്രഖ്യാപിക്കും. സഭാസമ്മേളനം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടിയിലേക്ക് നീങ്ങാനിടയില്ല. സസ്പെൻഷൻ പോലുള്ള നടപടിയെടുത്ത് പ്രതിപക്ഷത്തിന് കൂടുതൽ വളംവച്ചുകൊടുക്കേണ്ടെന്ന അഭിപ്രായം ഭരണപക്ഷത്തുണ്ടായി. മുഖ്യമന്ത്രിയും ഈ നിലപാടിലായിരുന്നു.
ഈ നാല് പേർക്ക് പുറമേ വി.പി. സജീന്ദ്രനും ഡയസിൽ കയറിയെങ്കിലും സഭയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളിൽ മറ്റ് നാല് പേരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതായാണ് കാണുന്നത്. അതുകൊണ്ടാണ് സജീന്ദ്രന്റെ പേര് സ്പീക്കർ പരാമർശിക്കാതിരുന്നത്.