crime

നെയ്യാറ്റിൻകര: മദ്യപാനം ചോദ്യം ചെയ്‌ത നെല്ലിമൂട് സർവീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പോങ്ങിൽ മുള്ളുവിള കുരുവിക്കാല പുത്തൻവീട്ടിൽ സുന്ദരി - സുന്ദരൻ ദമ്പതികളുടെ മകൻ അനിയെ (44) മർദ്ദിച്ച കോട്ടുകാൽ കുഴിവിളക്കോണം എം.സി ഭവനിൽ അച്ചു എന്ന അരുൺമോഹൻ (24)​,​ കോട്ടുകാൽ കുഴിവിളക്കോണത്ത് ആദർശനിലയിൽ ആദർശ് (22)​ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10ഓടെയായിരുന്നു സംഭവം. പൂവാർ റോഡിലെ ബ്രാഞ്ചിന് മുന്നിലായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം സഹകരണ ബാങ്ക് ബിൽഡിംഗിന് മുന്നിൽ മദ്യപിക്കുകയായിരുന്നു. മദ്യപാനികൾ തമ്മിൽ വാക്കുതർക്കമായതോടെ മദ്യപിച്ച് ബഹളമുണ്ടാക്കരുതെന്ന് അനി ആവശ്യപ്പെട്ടു. തുടർന്നാണ് യുവാക്കൾ ബിയർകുപ്പി കൊണ്ട് അനിയുടെ തലയ്‌ക്കടിക്കുകയും മർദ്ദിക്കുകയും ചെയ്‌തത്. അവശനിലയിലായ അനിയെ ബാങ്കിലെ കളക്ഷൻ എ‌‌‌ജന്റുമാരായ ശ്രീജിത്ത്,​ ജിത്തു എന്നിവരും നാട്ടുകാരും ചേർന്ന് ആട്ടോയിൽ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അനിയുടെ തലയ്‌ക്കും ദേഹത്തുമായി 14 തുന്നലുണ്ട്. ബാങ്ക് അധികൃതർ നൽകിയ സി.സി ടിവി ദൃശ്യമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. സംഭവമറിഞ്ഞ് നെയ്യാറ്റിൻകര സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. സി.ഐ പ്രദീപ്,​ എസ്.ഐ ജോൺസ് രാജ്,​ സി.പി.ഒ രാജേഷ് എന്നിവർ ചേർന്നാണ് അക്രമികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.