നെയ്യാറ്റിൻകര: നഗരസഭാ ഭരണത്തിനെതിരെ യു.ഡി.എഫ് നടത്തി വന്ന ത്രിദിന സമരപരിപാടികളുടെ അവസാന ദിവസമായ ഇന്നലെ നഗരസഭക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകരും കൗൺസിലർമാരും ചേർന്ന് ഉപവാസ സമരം സംഘടിപ്പിച്ചു. രാവിലെ ആരംഭിച്ച ഉപവാസ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി രമണി പി.നായർ ഉദ്ഘാടനം ചെയ്തു. നഗരസഭ ഭരണത്തിലെ കെടുകാര്യസ്ഥതകൾ, പദ്ധതി വിഹിതങ്ങൾ ചെലവഴിക്കാതെ നഷ്ടപ്പെടുത്തുന്നു, നഗരത്തിലെ മാലിന്യ സംസ്കരണം അവതാളത്തിലാകുന്നു, ഈരാറ്റു പുറത്തെ വസ്തു ഇടപാടിലെ അഴിമതി പുറത്തുകൊണ്ടുവരണം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി രണ്ടുദിവസമായി വിവിധ പ്രക്ഷോഭ പരിപാടികൾ നടത്തിയത്. യു.ഡി.എഫ് ചെയർമാൻ സോളമൻ അലക്സ് അദ്ധ്യക്ഷനായ ചടങ്ങിൽ നഗരസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപലീഡർ ഗ്രാമം പ്രവീൺ, മാരായമുട്ടം സുരേഷ്, എസ്.കെ. അശോക കുമാർ, ലളിതാസോളമൻ, കൗൺസിലർമാരായ സലീം,പുന്നക്കാട് സജു, ഷീല, ആർ.അജിത, അശ്വതി, സുകുമാരി, ജ്യോതി വർഗീസ്, ആർ.സജിത, സുരേഷ് കുമാർ, നിർമ്മലാഭായി, അമരവിള സുദേവകുമാർ, പി.സി പ്രതാപ് തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് അഞ്ചോടെ ഉപവാസ സമര സമാപനം ആർ.വത്സലൻ ഉദ്ഘാടനം ചെയ്തു. വി.കെ.അവനീന്ദ്രകുമാർ അദ്ധ്യക്ഷനായിരുന്നു.