niyamasabha

തിരുവനന്തപുരം: സ്പീക്കറുടെ ഡയസിൽ കയറി നാല് യു.ഡി.എഫ് എം.എൽ.എമാർ ഇന്നലെ ബഹളമുണ്ടാക്കിയത് ചർച്ചയാകുമ്പോൾ , പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ആയുധമാക്കുന്നത് 2015 മാർച്ച് 13ന് നിയമസഭയിൽ നടന്ന സംഭവമാണ്. .

ധനമന്ത്രിയായിരിക്കേ ബാർ കോഴക്കേസിൽ ആരോപണ വിധേയനായ കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയാൻ അന്നത്തെ പ്രതിപക്ഷമായ എൽ.ഡി.എഫ് ശ്രമിച്ചത് ഭരണ–പ്രതിപക്ഷ കൈയാങ്കളിയിലേക്കു നീങ്ങിയിരുന്നു. സഭയുടെ മര്യാദ ലംഘിക്കുന്ന നടപടികൾ നാല് യു.ഡി.എഫ് അംഗങ്ങൾ സ്വീകരിച്ചുവെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്നലെ സഭയിൽ പറഞ്ഞപ്പോൾ, അന്നത്തെ ബഹളത്തിന്റെ ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകൾ പ്രതിപക്ഷം ഉയർത്തിക്കാട്ടി. ഇന്നത്തെ മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തിൽ അന്ന് ഡയസിൽ കയറി സ്പീക്കറുടെ കസേര മറിച്ചിട്ടപ്പോൾ, സമീപത്തായി ഇന്നത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും നിൽക്കുന്ന ചിത്രമാണ് അതിലൊന്ന്. രണ്ട് ലക്ഷം രൂപയാണ് അന്ന് സ്പീക്കറുടെ വേദി തകർത്തതിലൂടെ ഉണ്ടായ നഷ്ടം. അക്രമം നടത്തിയ 15 എം.എൽ.എമാരെ പൊലീസ് തിരിച്ചറിഞ്ഞ് കേസെടുത്തെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല.