
നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിൽ ജൈവ മത്സ്യകൃഷി വിളവെടുപ്പ് വഞ്ചുവത്ത് നടന്നു. തേവൻപാറ ആൻസി ഭവനിൽ എഞ്ചിനിയറിംഗ് ബിരുദ ധാരിയായ മോസസും ഭാര്യ ബിനിജയും നടത്തിയ പടുത കുളകൃഷി വിളവെടുപ്പാണ് നടന്നത്. മത്സ്യകൃഷി പ്രചാരകൻ തച്ചൻകോട് മനോഹരൻ നായരുടെ മാർഗനിർദ്ദേശത്തോടെ നടത്തിയ മത്സ്യ കൃഷിയിൽ ഗിഫ്റ്റ് തിലോപ്പിയയും ആസാം വാളയുമാണ് വിളവ് ലഭിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ആദ്യ വിളവ് എടുത്ത് ഉദ്‌ഘാടനം നിർവഹിച്ചു. മെമ്പർ പാണയം നിസാർ, സി.എസ്.ഐ വികാരി ഗ്ലാഡ്‌സ്റ്റർ, കൃഷി ഓഫീസർ എസ്. ജയകുമാർ എന്നിവർ പ്രസംഗിച്ചു. തേവൻപാറ ക്രിസ്തുകിരൺ സ്ക്കൂളിലെ കുട്ടികളും വിളവെടുപ്പിൽ പങ്കെടുത്തു. മത്സ്യകൃഷി പദ്ധതിയിൽ താല്പര്യം ഉള്ളവരെ പങ്കെടുപ്പിച്ച് മത്സ്യ കർഷക സമ്മേളനം നടത്തുമെന്ന് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.