kerala-legislative-assemb

തിരുവനന്തപുരം: സ്പീക്കറുടെ ഡയസിൽ കയറി പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചതിനെ തുടർന്ന് ഇന്നലെ നിയമസഭാനടപടികൾ സ്തംഭിച്ച സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഭാനടപടികൾ പ്രതിപക്ഷം അലങ്കോലപ്പെടുത്തി. നാട് ഇതെല്ലാം കാണുന്നുണ്ട്. നാട് വിലയിരുത്തട്ടെ. എല്ലാം ജനങ്ങൾക്ക് സമർപ്പിക്കാം.

എം.എൽ.എയ്ക്ക് പൊലീസ് മർദ്ദനമേൽക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്ന കാര്യമല്ല. അത് നിർഭാഗ്യകരമാണ്. എന്നാൽ ഇത് ആദ്യത്തെ സംഭവമല്ല. ഏതെല്ലാം തരത്തിൽ പൊലീസിന്റെ ലാത്തിച്ചാർജ്ജ് നടന്നിട്ടുണ്ട്. ഇപ്പോഴുണ്ടായ പ്രശ്നം അന്വേഷിക്കാൻ ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. കുറ്റക്കാരെ രക്ഷിക്കാനാണെങ്കിൽ പൊലീസിനെക്കൊണ്ട് തന്നെ അന്വേഷിപ്പിച്ചാൽ പോരേ. എല്ലാവരുടെയും സഹകരണത്തോടെ പ്രശ്നങ്ങൾ പരിഹരിച്ച് പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. എം.എൽ.എയെ മർദ്ദിക്കാൻ നിർദ്ദേശിച്ച പൊലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെപ്പറ്റി ചോദിച്ചപ്പോൾ ഏകപക്ഷീയമായി ഒരാളെ കുറ്റവാളിയാക്കാനാകുമോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ശരിയായ പരിശോധന നടത്തി റിപ്പോർട്ട് വരട്ടെ.

രാഷ്ട്രീയനേതാക്കൾ രാഷ്ട്രീയപരിപാടിയുടെ ഭാഗമായി പ്രസംഗിച്ചാൽ അതിന്റെ പിറകെ പോയി വിവാദമാക്കേണ്ടതുണ്ടോയെന്ന് സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്റെ വിവാദപ്രസംഗത്തെപ്പറ്റി ചോദിച്ചപ്പോൾ മന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാർ പ്രസംഗിക്കുന്നതെല്ലാം നയപരമായ കാര്യമായി വ്യാഖ്യാനിക്കരുത്. ഒരാൾ പറഞ്ഞതിനെ വച്ച് വ്യാഖ്യാനിക്കേണ്ടതില്ല. ഏതുകാര്യവും ഇടതുപക്ഷ വിരുദ്ധ ചിന്താഗതിയിൽ വിലയിരുത്തി കുറ്റപ്പെടുത്താനല്ല ശ്രമിക്കേണ്ടത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ മൊത്തം സ്പിരിറ്റ് വിലയിരുത്തി വേണം നിലപാടെടുക്കാനെന്നും മന്ത്രി പറഞ്ഞു.