കാട്ടാക്കട: കെ.എസ്.ആർ.ടി.സി ആര്യനാട് ഡിപ്പോയിൽ നിന്നുള്ള ബസുകൾ സമയക്രമം പാലിക്കുന്നില്ലന്ന് പരാതി. ഡിപ്പോയിൽ നിന്നും വിതുരയിലേക്കും തിരിച്ച് ആര്യനാട്, കുറ്റിച്ചൽ, കാട്ടാക്കട വഴി രാവിലെ തിരുവനന്തപുരത്തേക്കുള്ള ബസ് സർവീസുകളാണ് രാവിലെ സമയക്രമം പാലിക്കാത്തത്. രാവിലെ തലസ്ഥാനത്തേക്ക് പോകുന്ന വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും കൂലിപ്പണിക്കാരും ആശ്രയിക്കുന്ന പ്രധാനസർവീസുകളിൽ ഒന്നാണിത്.
എല്ലാ ദിവസവും രാവിലെ 7.10ന് കുറ്റിച്ചൽ എത്തേണ്ട ബസ് ഇപ്പോൾ പലപ്പോഴും എട്ട് വരെയാകുമെന്ന് യാത്രക്കാർ പറയുന്നു. ഇക്കാര്യം ആര്യനാട് ഡിപ്പോ അധികൃതരെ അറിയിച്ചപ്പോൾ ജീവനക്കാരുടെ കുറവാണ് സർവീസ് വൈകാൻ കാരണമായി പറയുന്നത്. എന്നാൽ അധികൃതരുടെ അനാസ്ഥയാണ് ബസ് വൈകാൻ കാരണമെന്ന് ആരോപണമുണ്ട്.
അടിയന്തിരമായി ബസുകൾ സമയ ക്രമം പാലിച്ചില്ലങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുൻ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പരുത്തിപ്പള്ളി ചന്ദ്രൻ അറിയിച്ചു.