തിരുവനന്തപുരം: നിയമസഭാ സാമാജികരോട് പൊലീസുദ്യോഗസ്ഥർ അപമര്യാദയായി പെരുമാറുന്നത് സംബന്ധിച്ച പരാതികളിൽ അന്വേഷണസംഘം സാമാജികരുടെ ഭാഗം കൂടി കേട്ട് മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിയമസഭയുടെ പ്രിവിലേജസ്, എത്തിക്സ് കമ്മിറ്റി നിർദ്ദേശിച്ചു. എൽദോ എബ്രഹാം എം.എൽ.എയോട് മൂവാറ്റുപുഴ ഗ്രേഡ് എസ്.ഐ പി.ടി. വർക്കി അപമര്യാദയായി ഫോണിൽ സംസാരിച്ചുവെന്ന പരാതിയിന്മേലാണ് സഭാസമിതിയുടെ ശുപാർശ. പരാതിക്കാസ്പദമായ സംഭവത്തിന്റെ പേരിൽ താൻ നിർവ്യാജം മാപ്പ് അപേക്ഷിക്കുന്നുവെന്ന് സമിതി മുമ്പാകെ ഗ്രേഡ് എസ്.ഐ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി അവസാനിപ്പിക്കാൻ സമിതി തീരുമാനിച്ചിരുന്നു.
സാമാജികരോട് പൊലീസുദ്യോഗസ്ഥർ അപമര്യാദയായി പെരുമാറുന്നത് സംബന്ധിച്ച പരാതികൾക്ക് അർഹിക്കുന്ന പരിഗണന നൽകി സാമാജികരുടെ ഭാഗം കൂടി കേട്ട് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിന് പകരം പൊലീസുദ്യോഗസ്ഥരുടെ ഭാഗം ന്യായീകരിച്ച് അന്വേഷണത്തിന് ചുമതലപ്പെട്ടവർ നൽകുന്ന സ്റ്റീരിയോടൈപ്പ് മറുപടികളാണ് പലപ്പോഴും ലഭിക്കുന്നതെന്നും സമിതി ചൂണ്ടിക്കാട്ടി.