തിരുവനന്തപുരം: കേരളത്തിലെ കലോത്സവ വേദിയിൽ സജീവസാന്നിദ്ധ്യമാണ് കാശ്മീരി പെൺകൊടി ഐമൻ ബിന്ദുൾ. ജന്മനാട് കാശ്മീരാണെങ്കിലും ഐമന് കേരളം ഏറെ പ്രിയപ്പെട്ടതാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മികവാണ് കാരണം. അതിനൊപ്പം കേരളക്കരയിലെ കലോത്സവവും പ്രിയപ്പെട്ടതാണ്. ജില്ലാകലോത്സവത്തിൽ പങ്കെടുത്ത ഐമൻ ഉറുദു കവിതാരചനയിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടി. എന്റെ പ്രതീക്ഷകൾ (മേരി ആർസു) എന്നതായിരുന്നു വിഷയം. അമ്പലത്തറ കൊർദോവ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ ഐമൻ ഉറുദു ക്വിസിലും ഇക്കുറി ഒന്നാം സ്ഥാനത്താണ്. മാതാപിതാക്കൾ കാശ്‌മീരിലാണെങ്കിലും ബിസിനസ് ആവശ്യങ്ങൾക്കായി കോവളത്തുള്ള അമ്മാവനും കുടുംബത്തിനും ഒപ്പമാണ് ഐമൻ താമസിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മികവുകൾ കേട്ടറിഞ്ഞാണ് ശ്രീനഗറിലെ സ്‌കൂൾ പ്രിൻസിപ്പലായ പിതാവ് ഖുർഷിദ് ഹുസൈൻ വാനി പ്ലസ് വണിന് മകളെ കേരളത്തിലേക്കയച്ചത്. ഇക്കുറി ഉറുദു ഉപന്യാസ രചനയിലും പങ്കെടുത്തെങ്കിലും രണ്ടാംസ്ഥാനത്തായി. കാശ്‌മീരിൽ സ്‌കൂൾ കലോത്സവങ്ങൾ നടക്കാറുണ്ടെങ്കിലും ഇവിടത്തെയത്ര പകിട്ടില്ലെന്ന് ഐമൻ പറയുന്നു. മലയാളം ചെറിയതോതിൽ മനസിലാകും. കഴിഞ്ഞ വർഷം ഉറുദു ഉപന്യാസത്തിലും പ്രസംഗത്തിലും സംസ്ഥാന മത്സരത്തിലും ഒന്നാമതെത്തിയിരുന്നു. ഫാഷൻ ഡിസൈനറാണ് മാതാവ് കുൽസൂം.