തിരുവനന്തപുരം: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്നും കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചില മുസ്ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകൾക്ക് വെള്ളവും വെളിച്ചവും നൽകുന്നതെന്നുമുള്ള സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്റെ പരാമർശം അത്യന്തം ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് ഡോ. എം.കെ. മുനീറും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതിനാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടും നയവും അറിയേണ്ടതുണ്ട്. മോഹനൻ നടത്തിയ അഭിപ്രായത്തോട് മുഖ്യമന്ത്റി യോജിക്കുന്നുണ്ടോ? ആഭ്യന്തര വകുപ്പിന് ഇത്തരത്തിലുള്ള എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണം.
തീവ്രവാദം എല്ലാ അർത്ഥത്തിലും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ ഇസ്ലാമോഫോബിയ സൃഷ്ടിച്ച് മുസ്ലിങ്ങളെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന സംഘപരിവാർ രാഷ്ട്രീയം അംഗീകരിക്കാനാവില്ല. മോഹനന്റെ നിലപാടിനെ പിന്താങ്ങി കുമ്മനം രാജശേഖരൻ രംഗത്തുവന്നതും സി.പി.എമ്മിന്റെ നയവ്യതിയാനത്തിന്റെ സൂചനയാണ്. കേന്ദ്ര ആഭ്യന്തരമന്ത്റി അമിത്ഷായുടെ നയപ്രകാരമാണ് പാലക്കാട്ട് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. ഇതേ നയപ്രകാരമാണ് നഗര മാവോയിസ്റ്റുകൾ എന്ന ലേബലിൽ അലനെയും താഹയെയും അറസ്റ്റ് ചെയ്തതെന്നും വ്യക്തമായി. കേരളത്തിന്റെ മതേതര സ്വഭാവം നിലനിറുത്താൻ അടിയന്തരമായ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.