abhaya-case-

തിരുവനന്തപുരം: സിസ്റ്റർ അഭയയുടേത് ആത്മഹത്യയല്ല,​ കൊലപാതകമായിരുന്നെന്ന് കേസിലെ നിർണായക സാക്ഷിയും ഫോറൻസിക് വിദഗ്ദ്ധനുമായ ഡോ. വി. കന്തസ്വാമി പ്രത്യേക സി.ബി.എെ കോടതിയിൽ മൊഴിനൽകി. ശാസ്ത്രീയ തെളിവിന് ഏറെ പിൻബലമേകുന്നതാണ് കന്തസ്വാമിയുടെ മൊഴി.

അഭയ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു എന്നാണ് ലോക്കൽ പൊലീസും ക്രെെംബ്രാഞ്ചും കണ്ടെത്തിയിരുന്നത്. സി.ബി.എെ കേസ് അന്വേഷണം ആരംഭിച്ചപ്പോൾ ഫോറൻസിക് വിദഗ്ദ്ധനായ കന്തസ്വാമിയുടെ നിയമോപദേശം തേടിയിരുന്നു. അഭയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, എഫ്.എെ.ആർ, ഇൻക്വസ്റ്റ് എന്നിവ വിശദമായി പരിശോധിച്ച കന്തസ്വാമി അഭയയുടേത് ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും സി.ബി.എെക്ക് നിയമോപദേശം നൽകിയിരുന്നു.

അഭയയുടെ നെറുകയിൽ കെെക്കോടാലിയോ അതുപോലുളള മറ്റ് ആയുധമോ കൊണ്ട്‌ ശക്തമായി അടിച്ചതുമൂലമുണ്ടായ കഠിന ക്ഷതമാണ് മരണകാരണമായതെന്നും കന്തസ്വാമി കോടതിയെ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അഭയ കിണറ്റിലെ വെള്ളം കുടിച്ച് ശ്വാസം മുട്ടി മരിച്ചതായി പറയുന്നില്ല. ആത്മഹത്യാ ശ്രമത്തിന്റെ ഒരു ലക്ഷണവും മൃതദേഹത്തിൽ കാണാൻ കഴിഞ്ഞില്ലെന്നും മൊഴി നൽകി. കിണറ്റിൽ വീണാണ് മരിച്ചതെങ്കിൽ അസാധാരണമായ അളവിൽ വെള്ളം വയറ്റിൽ ഉണ്ടാകുമായിരുന്നു. അഭയയുടെ വയറ്റിൽ 300 മില്ലിലിറ്റർ വെള്ളത്തിൽ കൂടുതൽ ഉണ്ടായിരുന്നില്ല. മാത്രമല്ല,​ വെള്ളത്തിൽ മുങ്ങിയാണ് ‌മരണമെങ്കിൽ ഇരു കെെകളിലും കിണറ്റിലെ പായലോ ചെളിയോ മറ്റ് വസ്തുക്കളോ പറ്രിപ്പിടിച്ച് കാണുമായിരുന്നു. ഈ ലക്ഷണങ്ങൾ ഒന്നും അഭയയുടെ മൃതദേഹത്തിൽ കണ്ടെത്താനായില്ലെന്നും കന്തസ്വാമി പറഞ്ഞു.

1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്. കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന പ്രതികൾ. പ്രോസിക്യൂഷനുവേണ്ടി സി.ബി.എെ പ്രോസിക്യൂട്ടർ എം. നവാസ് ഹാജരായി.