avani

തിരുവനന്തപുരം: കഴിഞ്ഞം വർഷംവരെ വെഞ്ഞാറമൂട് ഗവൺമെന്റ് എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അവനി കഠിന പോരാട്ടത്തിലായിരുന്നു. പാഠപുസ്തകങ്ങളോടല്ല, മറിച്ച് ശരീരത്തെ കാർന്നുതിന്നാനെത്തിയ കാൻസറിനോടായിരുന്നു.

ജീവൻ പണയം വച്ചുള്ള പോരാട്ടത്തിനൊടുവിൽ അവനി ജയിച്ചു. റവന്യൂ ജില്ലാ കലോത്സവത്തിലും അവനി വിജയം ആവർത്തിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം കവിതാലാപനത്തിലും കഥകളി സംഗീതത്തിലുമാണ് അവനി വെന്നിക്കൊടി പാറിച്ചത്.

എം.എൻ.പാലൂരിന്റെ 'ഉഷസ്' എന്ന കവിതയാണ് പാടിയത്. കഴിഞ്ഞവർഷം നവംബറിലാണ് അർബുദം പിടികൂടിയെന്ന് അറിഞ്ഞത്. ചികിത്സയിലായതിനാൽ കഴിഞ്ഞവർഷം ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനായില്ല. സംഗീതത്തിൽ സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ട്രെയിനിംഗിന്റെ സ്‌കോളർഷിപ്പും അവനിക്ക് ലഭിച്ചിട്ടുണ്ട്. ചികിത്സയ്ക്കിടെയാണ് ഡൽഹിയിലെത്തി സ്‌കോളർഷിപ്പിനായി സംഗീത പരിപാടി അവതരിപ്പിച്ചത്. എട്ടുവർഷമായി ശാസ്ത്രീയ സംഗീതം പഠിക്കുന്ന അവനി സുരാജ് വെഞ്ഞാറമൂടിന്റെ സ്‌റ്റേജ് ഷോകളിലും പങ്കെടുക്കുന്നുണ്ട്. വെഞ്ഞാറമൂട് സ്വദേശി എ.ശിവപ്രസാദിന്റെയും സതിജയുടെയും മകളാണ്.