തിരുവനന്തപുരം: ആരോഗ്യരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നവകേരള നിർമാണത്തിനും അഭിപ്രായങ്ങൾ തേടി ഡോക്ടർമാരുമായും മുതിർന്ന എൻജിനിയർമാരുമായും മുഖ്യമന്ത്റി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി.
ജങ്ക് ഫുഡ്
ഒഴിവാക്കണം
ചികിത്സയ്‌ക്കൊപ്പം രോഗപ്രതിരോധത്തിനും ഊന്നൽ നൽകണമെന്ന് സർക്കാർ, സ്വകാര്യ ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികളിൽ പൊണ്ണത്തടിക്ക് കാരണമാവുന്ന ജങ്ക് ഫുഡ് സ്‌കൂൾ കാന്റീനുകളിൽ നിന്ന് ഒഴിവാക്കണം. ജീവിതശൈലീ രോഗത്തെക്കുറിച്ചുള്ള ബോധവത്കരണം സ്കൂളുകളിൽ നിന്ന് ആരംഭിക്കണം.പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്റണാതീതമായി വർദ്ധിക്കുന്നത് കിഡ്നിയെ ബാധിക്കുന്നു. ആശാ വർക്കർമാർ, കുടുംബശ്രീ, ആരോഗ്യസേന എന്നിവരെ ഉപയോഗിച്ച് ഇവ നിയന്ത്റിക്കണം. കിടപ്പിലായ പ്രമേഹ രോഗികൾക്ക് വീടുകളിൽ മരുന്നെത്തിക്കണം. ആരോഗ്യമന്ത്റി കെ.കെ. ശൈലജ, പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ എന്നിവരും പങ്കെടുത്തു.
മറ്റ് നിർദ്ദേശങ്ങൾ
തദ്ദേശസ്ഥാപനങ്ങൾ മുഖേന ജീറിയാട്രിക് ഡേ കെയർ കേന്ദ്രങ്ങൾ
ജില്ലാ ആശുപത്രികളിൽ ജീറിയാട്രിഷ്യൻ.
കുട്ടികളിലെ വൃക്കരോഗ ചികിത്സയ്ക്ക് പദ്ധതി
സംസ്ഥാനത്തിന് മാനസികാരോഗ്യ നയം
മെഡിക്കൽ കോളേജുകളിൽ ബിഹേവിയറൽ പീഡിയാട്രിക് കേന്ദ്രങ്ങൾ
നിംഹാൻസ് മാതൃകയിൽ മാനസികാരോഗ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്
കാൻസർ രോഗികളുടെ സംസ്ഥാന രജിസ്ട്രി
നവജാതശിശുക്കളിലെ ഭാരക്കുറവിന് കാരണമായ, പുരുഷൻമാരുടെ പുകവലിക്കെതിരെ ബോധവത്കരണം
പ്രധാന കുടിവെള്ള വിതരണ
പദ്ധതികൾ ബന്ധിപ്പിക്കണം
പ്രധാന കുടിവെള്ള വിതരണ പദ്ധതികൾ ബന്ധിപ്പിക്കണമെന്നും ഒരു പദ്ധതിക്ക് വ്യത്യസ്ത ഉറവിടങ്ങൾ ഉണ്ടാവണമെന്നും മുതിർന്ന എൻജിനിയർമാരും വിരമിച്ച എൻജിനിയർമാരും പങ്കെടുത്ത യോഗത്തിൽ അഭിപ്രായമുണ്ടായി. പ്രളയം പോലെയുള്ള ദുരന്ത വേളകളിൽ കുടിവെള്ള വിതരണം തടസമില്ലാതെ നടത്താൻ ഇതാവശ്യമാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്റി ജി. സുധാകരൻ, പ്രിൻസിപ്പൽ സെക്രട്ടറി ആർ. കെ. സിംഗ് എന്നിവരും പങ്കെടുത്തു.
മറ്റ് നിർദ്ദേശങ്ങൾ
ഡാമുകൾ കേന്ദ്രീകരിച്ചുള്ള ജലവിതരണ പദ്ധതികൾ കനാലുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം നിർമാണ പദ്ധതികളിൽ കാലാവസ്ഥയും പരിഗണിക്കണം സോളാർ പദ്ധതി വിപുലമാക്കണം റോഡ് സുരക്ഷ ആഡിറ്റ് നിർബന്ധമാക്കണം.