aituc

തിരുവനന്തപുരം : റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എ.ഐ.ടി.യു.സി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. തൊഴിലാളികൾക്കൊപ്പം ബഹുജനങ്ങളും, വിദ്യാർത്ഥികളും സ്ത്രീകളും അണിചേർന്നു. രാജ്യത്ത് 50 റെയിൽവേ സ്റ്റേഷനുകളും 150 ട്രെയിനുകളും സ്വകാര്യവത്കരിക്കുന്നതിന് തുടക്കം കുറിച്ച് ഒക്ടോബർ 4ന് ഡൽഹി -ലക്‌നൗ പാതയിൽ തേജസ് എന്ന സ്വകാര്യ ട്രെയിൻ സർവീസ് ആരംഭിച്ചതായും സ്വകാര്യവത്കരണത്തിലൂടെ ചരക്ക് കൈമാറ്റ കൂലിയും യാത്രാനിരക്കും കുത്തനെ വർദ്ധിച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്.
എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, മാങ്കോട് രാധാകൃഷ്ണൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ എന്നിവർ സംസാരിച്ചു. മീനാങ്കൽ കുമാർ മനുഷ്യച്ചങ്ങലയിൽ ആദ്യ കണ്ണിയായി. എം. രാധാകൃഷ്ണൻനായർ, പി.എസ്. നായിഡു, പട്ടം ശശിധരൻ,
കെ.നിർമല കുമാർ, കെ.എസ്. മധുസൂദനൻ നായർ, ശിവകുമാർ, പുഷ്പവല്ലി ടീച്ചർ, എം.സി.കെ നായർ, മനോജ് ഇടമന എന്നിവർ നേതൃത്വം നൽകി.