തിരുവനന്തപുരം: വയലിനിൽ വിസ്‌മയം തീർക്കുന്ന എ.എം. ആഭ ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ജില്ലാതലത്തിൽ വയലിൻ (വെസ്റ്റേൺ) ഒന്നാംസ്ഥാനത്തോടെ എ ഗ്രേഡ് നേടി ആഭ തന്റെ യാത്ര തുടരുകയാണ്. ഇത് അഞ്ചാം തവണയാണ് ആഭ സംസ്ഥാന തലത്തിൽ മത്സരിക്കാനൊരുങ്ങുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ മൂന്നു വർഷവും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു പ്രാവശ്യവും തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചു. എല്ലാത്തവണയും എ ഗ്രേഡ്. ചിദംബരനാഥാണ് ഗുരു. പത്തു വർഷത്തോളമായി വയലിൻ പഠിക്കുന്നുണ്ട്. പാശ്ചാത്യ സംഗീതത്തോടാണ് താത്പര്യം. അഞ്ചാം ക്ലാസ് മുതൽ നിരവധി വേദികളിൽ വയലിൻ വായിച്ചിട്ടുണ്ട്. സ്റ്റീഫൻ ദേവസിക്കും യാനിക്കുമൊപ്പം ഒരു തവണയെങ്കിലും വേദി പങ്കിടണമെന്നാണ് ആഭയുടെ ആഗ്രഹം.
വയലിനിൽ മാത്രമല്ല കഥകളി സംഗീതത്തിലും ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാമതെത്തിയത് ആഭയാണ്. കഥകളിസംഗീതത്തിനും മൂന്നു തവണ സംസ്ഥാന തലത്തിൽ മത്സരിച്ചു. ഭൈരവിയാണ് ഗുരു. ഗവ. ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ആഭ. ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ എസ്. അരവിന്ദിന്റെയും എ.വി. മഞ്ജുവിന്റെയും മകളാണ്.