കല്ലമ്പലം: കല്ലമ്പലത്ത് പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ 150ഓളം പേർ ട്രാഫിക് നിയമം ലംഘിച്ചതായി കണ്ടെത്തി. ദേശീയപാതയിൽ കടമ്പാട്ടുകോണം മുതൽ ചാത്തമ്പറ വരെ കല്ലമ്പലം പൊലീസും, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും, ഹൈവേ പൊലീസും, കൺട്രോൾ റൂം വെഹിക്കിളും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. അടുത്തിടെ ഈ മേഖലയിൽ ക്രമാതീതമായി വർദ്ധിച്ചുവരുന്ന വാഹന അപകടങ്ങൾ കണക്കിലെടുത്ത് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി.അശോകന്റെ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ട്രാഫിക് ബോധവത്കരണമായിരുന്നു മുഖ്യ ലക്ഷ്യം. ആറ്റിങ്ങൽ ഡിവൈ.എസ്.പി വിദ്യാധരൻ കെ.എ, കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ അനൂപ് ആർ.ചന്ദ്രൻ, സബ് ഇൻസ്പെക്ടർ നിജാം വി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.