salp

പാറശാല: കുറുങ്കുട്ടി സാൽവേഷൻ ആർമി സ്‌കൂളിലെ വിദ്യാർത്ഥികൾ വിരമിച്ച സംഗീതാദ്ധ്യാപക അഞ്ചാലിക്കോണം മണലിവിള ശ്രീനികേതനിലെ സുമതിയെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. 'പ്രതിഭകളാടൊപ്പം" എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. തിരുവനന്തപുരം മ്യൂസിക് കോളേജിൽ 28 വർഷത്തെ സേവനത്തിന് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു സുമതി. പൊൻവിള ലൂഥറൻ സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. ശേഷം പാറശാല ഗേൾസ് ഹൈസ്കൂളിൽ നിന്നു പത്താം ക്ലാസ് പാസായി. തിരുവനന്തപുരം മ്യൂസിക് കോളേജിൽ നിന്നു ബിരുദം നേടി. മലപ്പുറം ജില്ലയിൽ സംഗീതാദ്ധ്യാപികയായാണ് ആദ്യ നിയമനം. പ്രിൻസിപ്പലായി വിരമിച്ച ടി.പി. പ്രഭാകരൻ മാഷാണ് ഭർത്താവ്. സാൽവേഷൻ സ്കൂളിലെ 15 വിദ്യാർത്ഥികൾ, നാല് അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരടങ്ങുന്ന സംഘമാണ് ടീച്ചറുടെ വീട്ടിലെത്തിയത്. കുട്ടികളുടെ ചോദ്യങ്ങൾക്കെല്ലാം ടീച്ചർ മറുപടി നൽകി. സ്വരവും സ്വരസ്ഥാനവും കുട്ടികൾക്കായി പറഞ്ഞ് കൊടുത്ത ടീച്ചർ വിദ്യാർത്ഥികൾക്കായി പാട്ട് പാടി.