tp-ramakrishnan
TP RAMAKRISHNAN

തിരുവനന്തപുരം: ഒഡെപെക് മുഖേന വിദേശത്തേക്ക് നഴ്സുമാർ അടക്കമുള്ളവരുടെ റിക്രൂട്ട്മെന്റ് സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു.

ഇതിനായി വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് ചർച്ച നടത്തും.

അപ്പോളോ ഡിമോറയിൽ നഴ്സുമാർക്കായി ഒഡെപെക് സംഘടിപ്പിച്ച സൗജന്യ യു.കെ. റിക്രൂട്ട്‌മെന്റിന്റെ സംസ്ഥാനതല ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിവർഷം അഞ്ഞൂറോളം നഴ്സുമാരെയെങ്കിലും യു.കെയിലേക്ക് റിക്രൂട്ട്‌ ചെയ്യുന്നതിനുള്ള പദ്ധതിയാണ് ഒഡെപെക് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ ക്യാമ്പെയിൻ സംഘടിപ്പിക്കും. റിക്രൂട്ട്‌മെന്റ് തികച്ചും സൗജന്യമായിരിക്കുമെന്നും മന്ത്റി പറഞ്ഞു.

കേരളത്തിലെ സർക്കാർ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ആറുമാസം പ്രവൃത്തിപരിചയമുള്ള നഴ്സുമാർക്ക് യു.കെ.യിലെ പ്രമുഖ ആശുപത്രികളിൽ മൂന്ന് വർഷം ജോലി ചെയ്യുന്നതിന് അവസരം ലഭിക്കും. അതോടൊപ്പം ഇന്റർനാഷണൽ സർട്ടിഫിക്ക​റ്റും നേടാൻ കഴിയും. ആകർഷണീയമായ തൊഴിൽ സാഹചര്യങ്ങൾക്കൊപ്പം പുതിയ സാങ്കേതികതയും അറിവും കരസ്ഥമാക്കുന്നതിന് പദ്ധതി സഹായിക്കും. യു.കെയിലേക്ക് പോകാനാഗ്രഹിക്കുന്ന സർക്കാർ നഴ്സുമാർക്ക് മൂന്നു വർഷം ലീവ് അനുവദിക്കാൻ ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ട്.യു.കെ.യിലെ നഴ്സുമാർക്കുള്ള എൻ.എം.സി രജിസ്ട്രേഷന്റെ പ്രധാനയോഗ്യതയായ ഐ.ഇ.എൽ.ടി.എസ്,ഒ .ഇ .ടി പരീക്ഷകൾക്കുള്ള മാനദണ്ഡങ്ങളിൽ ഇളവുവരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് യു.കെ സന്ദർശനവേളയിൽ അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു പരീക്ഷ മാത്രമാക്കി മാ​റ്റിയിട്ടുണ്ടെന്നും മന്ത്റി വ്യക്തമാക്കി.

ചടങ്ങിൽ ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് പ്രതിനിധി എഡ് റോസ്, ഓപ്പറേഷൻസ് ആൻഡ് സപ്ലൈ മാനേജർ വെയ്ൻ ബെന്റ്ലൂ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഒഡെപെക് ചെയർമാൻ എൻ.ശശിധരൻ നായർ, നഴ്സിംഗ് എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ.ആർ.ലത, കേരളാ നഴ്സസ് ആൻഡ് മിഡ് വൈവ്സ് രജിസ്ട്രാർ ഡോ.സലീനാ ഷാ, പ്രസന്നകുമാരി, ഒഡെപെക് എം.ഡി അനൂപ് കെ.എ എന്നിവർ പങ്കെടുത്തു.