pink-ball-test

കൊൽക്കത്ത : ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ മത്സരങ്ങൾ പലതിനും വേദിയായിട്ടുള്ള കൊൽക്കത്ത ഈഡൻ ഗാർഡൻസ് ഇന്ത്യൻ ടീമിന്റെ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിന്റെ വേദി എന്ന നിലയിൽ മറ്റൊരു ചരിത്രം രചിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്. നാളെയാണ് ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരം പകൽ രാത്രിയായി ഈഡനിൽ തുടങ്ങുന്നത്. സാധാരണ ടെസ്റ്റ് മത്സരങ്ങളിൽ ഉപയോഗിക്കുന്ന ചുവന്ന പന്തിന് പകരം ഡേ ആൻഡ് നൈറ്റ് ടെസ്റ്റിൽ പിങ്ക് നിറത്തിലുള്ള പന്തുകളാണ് ഉപയോഗിക്കുന്നത്.

2015ൽ ആസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ അഡ്ലൈഡിൽ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിന് തുടക്കമായെങ്കിലും ഇന്ത്യ ഇത്രയും നാൾ ഈ ആശയത്തോട് മുഖം തിരിച്ചു നിൽക്കുകയായിരുന്നു. എന്നാൽ ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയുടൻ മുൻ നായകൻ സൗരവ് ഗാംഗുലി നടത്തിയ ഇടപെടലുകളാണ് ഈഡനിൽ ഈ ചരിത്ര മുഹൂർത്തപ്പിറവിക്ക് വഴിയൊരുക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ 12-ാമത്തെ ഡേ ആൻഡ് നൈറ്റ് മത്സരം ആഘോഷമാക്കാനായി കൊൽക്കത്ത നഗരം പിങ്ക് നിറത്തിലേക്ക് മാറിക്കഴിഞ്ഞു. ആദ്യദിവസത്തേക്കുള്ള മത്സരത്തിന്റെ ടിക്കറ്റുകളും പൂർണമായി വിറ്റഴിഞ്ഞു.

ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയും ബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയും ചേർന്നാണ് മത്സരത്തിനായി ഈഡനിലെ ബെൽ മുഴക്കുക. പാരച്ചൂട്ടിൽ ആകാശത്തു നിന്നിറങ്ങുന്ന സൈനികർ ഇരു ക്യാപ്റ്റൻമാർക്കും പിങ്ക് പന്തുകൾ സമ്മാനിക്കും.

ഇരു ടീമുകളും ആദ്യമായി പിങ്ക് പന്തുകൊണ്ട് ടെസ്റ്റ് കളിക്കുന്നതിന്റെ ആവേശത്തിലാണ്. ഇൻഡോറിൽ ആദ്യ ടെസ്റ്റിനുശേഷം ഫ്ളഡ് ലൈറ്റിൽ പിങ്ക് പന്തുകൾ ഉപയോഗിച്ച് താരങ്ങൾ പരിശീലനം നടത്തിയിരുന്നു. ഇൻഡോറിൽ ഇന്നിംഗ്സ് വിജയം നേടിയ വിരാട് കൊഹ്‌ലിയും സംഘവും തികഞ്ഞ ആത്മവിശ്വാസത്തിലാണ് കൊൽക്കത്തയിലെത്തിയിരിക്കുന്നത്.

പകൽ - രാത്രി മത്സരവും പിങ്ക് പന്തും

ഏകദിന ക്രിക്കറ്റിൽ വെള്ള നിറത്തിലുള്ള പന്തുകളും ടെസ്റ്റ് മത്സരങ്ങളിൽ ചുവന്ന നിറത്തിലുള്ള പന്തുകളുമാണ് ഉപയോഗിക്കുന്നത്. എന്നാൽ ടെസ്റ്റ് മത്സരങ്ങൾ പകലും രാത്രിയുമായി നടത്തുമ്പോൾ ചുവന്ന നിറത്തിലുള്ള പന്തുകൾ ഉപയോഗിക്കുന്നതിന് പരിമിതിയുണ്ട്. ഫ്ളഡ് ലൈറ്റിൽ ചുവന്ന നിറത്തിലുള്ള പന്തുകൾ കാണാൻ പ്രയാസമാണെന്നതാണ് പ്രശ്നം. വെള്ള നിറത്തിലുള്ള പന്തുകൾക്ക് പെട്ടെന്ന് തേയ്‌മാനമുണ്ടാകും. ഇതുകൊണ്ടാണ് ഇതിന്റെ രണ്ടിന്റെയും സങ്കരമായ പിങ്ക് നിറത്തിലുള്ള പന്തുകൾ ഉപയോഗിക്കുന്നത്.

ഡേ & നൈറ്റ് ഷെഡ്യൂൾ

12.30 p.m ടോസിംഗ്

1 p.m - 3 p.m ആദ്യ സെഷൻ

3 p.m - 3.40 p.m ലഞ്ച് ബ്രേക്ക്

3.40 p.m - 5.40 p.m രണ്ടാം സെഷൻ

5.40 p.m - 6 p.m ടീ ബ്രേക്ക്

6 p.m - 8 p.m അവസാന സെഷൻ

പിങ്ക് ബാൾ ഗുണങ്ങൾ

1. മറ്റ് പന്തുകളെക്കാൾ കൂടുതൽ തിളക്കമുള്ളതിനാൽ ഫ്ളഡ് ലൈറ്റിൽ വ്യക്തമായി കാണാൻ കഴിയും. ബാറ്റ്‌സ്‌മാൻമാർക്കും ഫീൽഡർമാർക്കും എളുപ്പം.

2. റെഡ് ബാളിന് ആദ്യ ഒരു മണിക്കൂർ കഴിയുമ്പോഴേക്കും തിളക്കം നഷ്ടമാകും. എന്നാൽ പിങ്ക് പന്ത് ഒരു സെഷൻ മുഴുവൻ ഉപയോഗിച്ചാലും തിളക്കം നഷ്ടമാവില്ല.

പിങ്ക് പന്ത് ദോഷങ്ങൾ

1. പെട്ടെന്ന് പഴയതാവില്ലെന്നത് റിവേഴ്സ് സ്വിംഗിന് പ്രയാസമാകും. റിവേഴ്സ് സ്വിംഗിലൂടെ വിക്കറ്റുകൾ വീഴ്ത്തുന്ന ഷമിയെപ്പോലുള്ള പേസർമാർക്ക് തിരിച്ചടിയാണിത്.

2. സ്പിന്നർമാർക്ക് പിങ്ക് പന്ത് വലിയ പ്രയോജനമുണ്ടാക്കില്ല. വൈകിട്ട് ഔട്ട് ഫീൽഡിൽ മഞ്ഞുള്ളത് ബൗളർമാർക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കാൻ ഇടയുണ്ട്.

163

ഗ്രാമാണ് ക്രിക്കറ്റ് ബാളിന്റെ ഭാരം. 22.4 മുതൽ 22.9 വരെ സെന്റിമീറ്റർ ചുറ്റളവ്.

# ഇന്ത്യയിൽ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിനായി ഉപയോഗിക്കുന്നത് എസ്.ജി കമ്പനി നിർമ്മിക്കുന്ന പിങ്ക് ബാളുകളാണ്.

11

ഡേ ആൻഡ് നൈറ്റ് ടെസ്റ്റുകളാണ് ഇതുവരെ നടന്നിട്ടുള്ളത്. 2015 നവംബറിൽ അഡ്‌ലെയ്ഡിൽ വച്ച് ആസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റ്. ഇതിൽ ആസ്ട്രേലിയ മൂന്ന് വിക്കറ്റിന് ജയിച്ചു.

ആസ്ട്രേലിയ, ന്യൂസിലൻഡ്, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ളണ്ട്, ശ്രീലങ്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് ഇതുവരെ ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് കളിച്ചിട്ടുള്ളത്.

രഹാനെയുടെ സ്വപ്നം

കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റർ അജിങ്ക്യ രഹാനെ താൻ ഉറങ്ങുമ്പോൾ അടുത്ത് പിങ്ക് ബാൾ വച്ചിരിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഊണിലും ഉറക്കത്തിലും ഇപ്പോൾ പിങ്ക് പന്താണ് കളിക്കാരുടെ മനസിൽ.

ആദ്യമായാണ് പിങ്ക് പന്തിൽ കളിക്കുന്നത് ഇൻഡോറിൽ പരിശീലനം നടത്തിയത് മാത്രമാണ് പരിചയം. പെട്ടെന്നുള്ള മാറ്റം പ്രയാസകരമാണെങ്കിലും ഏകാഗ്രതയോടെ കളിച്ചാൽ വലിയൊരു അനുഭവവും വിജയവുമാകും ഈഡനിലെ മത്സരം.

വിരാട് കൊഹ്‌ലി

ഇന്ത്യൻ ക്യാപ്ടൻ