തിരുവനന്തപുരം : .അനാവശ്യ പ്രതിഷേധങ്ങളും കേസുകളും കാരണം കാലതാമസമുണ്ടായെങ്കിലും കേരള ബാങ്ക് പത്ത് ദിവസത്തിനകം യാഥാർഥ്യമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ജില്ലാ ബാങ്കുകളെയാണ് കേരള ബാങ്കിൽ ലയിപ്പിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളുടെ ഘടനയിൽ മാറ്റം വരില്ല.സഹകരണമേഖലയെ ആധുനികവത്കരിക്കുക കാലഘട്ടത്തിന്റെ ദൗത്യമാണ്. സഹകരണ മേഖലയുടെ വിപുലീകരണമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സഹകരണ പ്രസ്ഥാനങ്ങൾക്ക് വേരുള്ള മണ്ണിൽ ജനകീയ മൂലധനത്തിലൂടെ കോർപ്പറേറ്റ് ശക്തികളെ പ്രതിരോധിക്കാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ജനകീയ മൂലധനമെന്ന ബദലുയർത്തിയുള്ള പോരാട്ടമാണ് സഹകരണ പ്രസ്ഥാനം നടത്തുന്നത്. ഉത്പാദനമേഖലകളിൽ ജനങ്ങളെ കൂടി ഉൾക്കൊള്ളിച്ചാൽ പല പ്രശ്നങ്ങളും പരിഹരിക്കാനാവും. ഇവിടെയാണ് കിഫ്ബി പോലുള്ളവ ബദലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേയർ കെ. ശ്രീകുമാർ, വി.ജോയ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി, സഹകരണ രജിസ്ട്രാർ ഡോ. പി.കെ. ജയശ്രീ, സഹകാരികൾ തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ സ്വാഗതവും സഹകരണ യൂണിയൻ സെക്രട്ടറി ടി. പത്മകുമാർ നന്ദിയും പറഞ്ഞു.