തിരുവനന്തപുരം: പുതിയ എൽ.എച്ച്.ബി കോച്ചുകളും അത്യാധുനിക സൗകര്യങ്ങളുമായി പുറത്തിറക്കിയ വേണാട് എക്സ്‌പ്രസിലെ സീറ്റുകൾ കുത്തിക്കീറിയ നിലയിൽ. ആദ്യ സർവീസിനായി കയറ്റിയപ്പോഴാണ് മെക്കാനിക്കൽ വിഭാഗം ഇക്കാര്യം റെയിൽവേ ഡിവിഷണൽ അധികൃതർക്കും പൊലീസിനും റിപ്പോർട്ട് ചെയ്തത്. പുഷ്ബാക്ക് സീ​റ്റ് ലിവറുകൾ വലിച്ചൊടിച്ചിട്ടുമുണ്ട്. രണ്ടാഴ്ച മുമ്പാണ് യൂറോപ്യൻ മാതൃകയിൽ പരിഷ്കരിച്ച് വേണാട് പുറത്തിറക്കിയത്. യാത്രക്കാരിൽ ചിലരുടെ കുത്സിത ശ്രമത്തിനെതിരെ റെയിൽവേ പൊലീസ് വേദനയോടെ കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പോസ്റ്റിട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നമ്മളാരും തന്നെ നമ്മുടെ വീട്ടിലെ കുഷ്യൻ സേരകൾ കുത്തിക്കീറില്ല. ബാത്‌റൂമിൽ അസഭ്യം എഴുതി വയ്ക്കാറില്ല. പ്ലഗ് പോയിന്റുകൾ നശിപ്പിക്കില്ല. പുതിയ വണ്ടി ഓടിത്തുടങ്ങിയിട്ട് കേവലം രണ്ടാഴ്ച മാത്രം ആയപ്പോൾ നശിപ്പിക്കപ്പെട്ടത് ഗൗരവമായി കാണേണ്ട, ചിന്തിക്കേണ്ട കാര്യമാണ്. നവീന ലിങ്ക് ഹോഷ്‌മാൻ ബുഷ് കോച്ചുമായി യാത്ര ആരംഭിച്ച വേണാട് എക്സ്‌പ്രസിലെ പുതിയ സീ​റ്റുകൾ കുത്തിക്കീറിയും പുഷ്ബാക്ക് സീ​റ്റ് ലിവറുകൾ വലിച്ചൊടിച്ചുമാണ് സാമൂഹ്യവിരുദ്ധർ 'മാതൃക' ആയത്. നാം ഓർക്കേണ്ടത്, ഇതിൽ യാത്ര ചെയ്യുന്ന നാം ഓരോരുത്തർക്കും ഈ സൗകര്യങ്ങൾ പരിരക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അസാധാരണ മാനസികാവസ്ഥയുള്ള കേവലം ചിലരുടെ ദുഷ്പ്രവൃത്തി മൂലം ഒരു സമൂഹം ഒന്നടങ്കം പഴി കേൾക്കേണ്ടി വരുന്നു. സാധാരണ നികുതിദായകന്റെ പണം കൊണ്ട് ഉണ്ടാക്കിയെടുത്തതും പൊതുനന്മയ്ക്കായി ഉപയോഗിക്കാവുന്നതും ആയ ആസ്തികളാണ് ഇല്ലാതാവുന്നത്. നശിപ്പിക്കപ്പെട്ട ആസ്തികൾ പുനഃസൃഷ്ടിക്കാനോ പുനരുദ്ധരിക്കാനോ ചെലവിടേണ്ടിവരുമ്പോൾ വീണ്ടും നഷ്ടം പൊതുജനത്തിനുതന്നെയാണ്. പൊതുഇടങ്ങൾ സ്വന്തം പോലെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് തിരിച്ചറിഞ്ഞ് കർമ്മോന്മുഖരാകാം.