കൊൽക്കത്ത : അടുത്തമാസം നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ട്വന്റി 20 കളുടെയും മൂന്ന് ഏകദിനങ്ങളുടെയും പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഡിസംബർ എട്ടിന് തിരുവനന്തപുരത്താണ് രണ്ടാം ട്വന്റി 20 നടക്കുന്നത്.

ബംഗ്ളാദേശിനെതിരായ ട്വന്റി 20 പരമ്പരയിൽ ടീമിലുണ്ടായിരുന്നിട്ടും കളിക്കാൻ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണിന് ഇൗ പരമ്പരകളിൽ അവസരം ലഭിക്കുമോ എന്നതാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

സഞ്ജുവിന്റെ സാദ്ധ്യതകൾ ഇങ്ങനെയാണ്.

1. രോഹിത് ശർമ്മയ്ക്ക് വിശ്രമം നൽകി സഞ്ജുവിനെ ടീമിൽ നിലനിറുത്തുക, ക്യാപ്ടനായി വിരാട് കൊഹ്‌ലി മടങ്ങിയെത്തും. ഇൗവർഷം ഐ.പി.എൽ ഉൾപ്പെടെ 60 ഒാളം മത്സരങ്ങൾ കളിച്ച രോഹിതിന് മതിയായ വിശ്രമം ലഭിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.

2. ഫോമിൽ അല്ലാത്ത ഋഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ വിക്കറ്റ് കീപ്പറായി ടീമിലെടുക്കുക. എന്നാൽ പന്തിന് ഇനിയും അവസരങ്ങൾ നൽകണമെന്ന നിലപാടിലാണ് സെലക്ടർമാർ.

3. ഒൗട്ട് ഒഫ് ഫോം ആയ ശിഖർ ധവാനെ ഒഴിവാക്കി സഞ്ജുവിനെ നിലനിറുത്തുക, രോഹിതോ ധവാനോ ഒഴിവായാൽ കെ.എൽ. രാഹുൽ ഒാപ്പണറായി ഇറങ്ങാൻ ഉണ്ടാകും. സഞ്ജുവിന് ഫസ്റ്റ് ഡൗണാകാം.