koodathil-

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹമരണങ്ങളും സ്വത്തുതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കള്ളസാക്ഷിയെ രംഗത്തിറക്കാൻ ശ്രമം. ഏറ്റവും ഒടുവിൽ മരണമടഞ്ഞ ജയമാധവൻ നായരെ, കൂടത്തിൽ വീട്ടിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ആട്ടോ ഡ്രൈവറെയാണ് കള്ള സാക്ഷിയായി കേസിൽ ഉൾപ്പെട്ട ചിലർ അവതരിപ്പിച്ചത്. എന്നാൽ, കാലടി സ്വദേശിയും നഗരസഭയിലെ താത്കാലിക ജീവനക്കാരനുമായ ഇയാളുടെ കള്ളത്തരം പൊലീസിന്റെ ചോദ്യം ചെയ്യലിൽ പൊളിഞ്ഞു.

കേസുമായി ബന്ധപ്പെട്ട ചിലർ അഞ്ച് ലക്ഷംരൂപ വാഗ്ദാനം ചെയ്തെന്നും മുൻകൂറായി ഒരുലക്ഷം രൂപ നൽകിയെന്നും ഇയാൾ സമ്മതിച്ചു. തുടർന്ന് കൺട്രോൾ റൂമിലെത്തിച്ച് ആട്ടോ ഡ്രൈവറുടെ മൊഴി വീഡിയോയിൽ റെക്കാഡ് ചെയ്തു. പണം നൽകി വ്യാജ സാക്ഷിയെ സൃഷ്ടിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.

കുറെ വർഷമായി കാലടി പരിസരത്ത് ആട്ടോ ഓടിച്ചിരുന്ന യുവാവിന് കഴിഞ്ഞ ജൂണിലാണ് താത്കാലിക ജോലി ലഭിച്ചത്. എങ്കിലും ഉച്ചയ്ക്കു ശേഷം ആട്ടോ ഓടിക്കാറുണ്ട്. കൂടത്തിൽ വീട്ടിൽ നിന്ന് ജയമാധവൻ നായരെ താനും കൂടിചേർന്നാണ് താങ്ങിയെടുത്ത് ആട്ടോയിൽ കയറ്റിയതെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചെന്നുമായിരുന്നു ഇയാളുടെ മൊഴി.

എന്നാൽ, ആശുപത്രിയിലേക്കുള്ള വഴിയെപ്പറ്റി ആട്ടോ ഡ്രൈവറും കൂടത്തിൽ വീട്ടിലെ ജോലിക്കാരി ലീലയും നൽകിയ മൊഴികളിലെ വൈരുദ്ധ്യമാണ് കള്ളക്കളികൾ പൊളിച്ചത്. മണക്കാട് വഴി മെഡിക്കൽ കോളേജിലേക്ക് പോയതായാണ് ആട്ടോ ഡ്രൈവർ പറഞ്ഞത്. എന്നാൽ കരമന, കിള്ളിപ്പാലം തമ്പാനൂർ വഴി പോയെന്നായിരുന്നു ലീലയുടെ മൊഴി. ഈ വൈരുദ്ധ്യത്തിൽ നിന്നുണ്ടായ സംശയം കാരണമാണ് പൊലീസ് വിശദമായ ചോദ്യംചെയ്യൽ നടത്തിയത്.

ജയമാധവൻ നായരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാനെടുത്ത സമയവും പൊലീസ് സർജൻ രേഖപ്പെടുത്തിയ മരണസമയവും തമ്മിലുള്ള പൊരുത്തക്കേടുകൾ അന്വേഷണ സംഘം പരിശോധിച്ചു. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവദിവസം താൻ കൂടത്തിൽ വീട്ടിൽ പോയിട്ടില്ലെന്നും, ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊന്നും അറിയില്ലെന്നും ആട്ടോ ഡ്രൈവർ വെളിപ്പെടുത്തിയത്.