
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏതുവിധനേയും എത്താൻ ജില്ലാ കലോത്സവ മത്സരങ്ങളിൽ മറിയുന്നത് ലക്ഷങ്ങളെന്ന് ആക്ഷേപം. സിംഗിൾ ഇനങ്ങളിലെ മത്സരത്തിലായിരുന്നു മുൻ വർഷങ്ങളിൽ കോഴക്കളി നടന്നിരുന്നുവെങ്കിൽ ഇപ്പോൾ ഗ്രൂപ്പ് ഇനങ്ങളിലും ലക്ഷങ്ങളാണ് ചില സംഘങ്ങൾ വാരിക്കൂട്ടുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗ്രേഡ് മോഹിച്ചെത്തുന്നവരെയാണ് ഈ സംഘങ്ങൾ പാട്ടിലാക്കി ലക്ഷങ്ങൾ നേടുന്നത്. ഈ മാസം 28ന് കാസർകോട്ടാണ് സംസ്ഥാന കലോത്സവം തുടങ്ങുന്നത്.
ഒരു ടീമിനെ സംസ്ഥാന തലത്തിൽ എത്തിക്കാൻ രണ്ടു ലക്ഷം മുതൽ മൂന്നു ലക്ഷം രൂപാ വരെയാണ് വാങ്ങുന്നതെന്ന് രക്ഷിതാക്കൾ തന്നെ പറയുന്നു. സംഘനൃത്തം, സംഘഗാനം, നാടകം, സ്കിറ്റ് തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങൾക്കാണ് ഈ റേറ്റ്. ഇടനിലക്കാരും വിധികർത്താക്കളിൽ ചിലരും ചേർന്നു നടത്തുന്ന ഈ ഒത്തുകളിയെ കുറിച്ച് നിരവധി പരാതികൾ ഡി.പി.ഐക്ക് ലഭിച്ചതിനെ തുടർന്ന് രഹസ്വ അന്വേഷണം ആരംഭിച്ചു.
ഒരു ജില്ലയിൽ അദ്ധ്യാപകരായി എത്തുന്ന ചിലർ മറ്റ് ജില്ലകളിൽ വിധികർത്താക്കളായി എത്തും. പരസ്പരം അവരവരുടെ വിദ്യാർത്ഥികളെ സഹായിക്കും. പ്രതിഷേധിക്കുന്നവരെ നേരിടാൻ ഗുണ്ടാ സംഘങ്ങളെ ഇറക്കുന്നവരും ഉണ്ടെന്ന് ആക്ഷേപമുണ്ട്. യൂണിഫോമിലായിരിക്കും ഇവർ എത്തുക. സംഘ ഇനങ്ങൾക്കുള്ള പ്രോപ്പർട്ടീസ് ഒരുക്കാൻ എന്ന മട്ടിലാവും വരവ്. ഇവരുടെ ടീം മത്സരിക്കുമ്പോൾ പ്രത്യേകമായി കൈയ്യടിക്കും. അത് വിധികർത്താക്കുള്ള സന്ദേശം കൂടിയാണ്. വിധി പറയുമ്പോൾ മറ്റ് കുട്ടികൾ എതിർക്കുകയോ ബഹളം വയ്ക്കുകയോ ചെയ്താൽ ഇത്തരക്കാർ അവരെ നേരിടാനെത്തുമത്രേ.
തിരുവനന്തപുരത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ചൊവ്വാഴ്ച രാത്രി നടന്ന സ്കിറ്റ് മത്സരത്തിനൊടുവിൽ ഇത്തരത്തിൽ കൈയേറ്റശ്രമം ഉണ്ടായി. രണ്ട് ടീമുകളെ സഹായിക്കാമെന്ന് കോഴ സംഘം ഏറ്റാൽ ഒരാളെ ഫസ്റ്റാക്കും മറ്റേ ആളെ സെക്കൻഡാക്കും. രണ്ടാമത്തെ ആളെ അപ്പീൽ വഴി സംസ്ഥാന തലത്തിലെത്തിക്കാനാകും ശ്രമിക്കുക. അതിനും ഇവരിൽ തന്നെ ഒരു വിഭാഗം പ്രവർത്തിക്കും.
നേരത്തെ വ്യാജ അപ്പീലുമായി എത്തിയതിനെ തുടർന്ന് അറസ്റ്റിലായ വിവാദ പുരുഷൻ വീണ്ടും കലോത്സവേദികളിൽ കറങ്ങി നടക്കുന്നതായി സംസാരം ഉണ്ട്. എന്തായാലും ചിലരൊക്കെ പൊലീസ് നിരീക്ഷണത്തിലാണ്.